തിരുവനന്തപുരം: സിപിഎം നേതാവ് ടി എന്‍ സീമയുടെ ഭര്‍ത്താവിനെ, വിരമിച്ച ശേഷം വീണ്ടും സിഡിറ്റ് രജിസ്ട്രാര്‍ തസ്തികയില്‍ നിയമിച്ചത് വിവാദമാകുന്നു. നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശനവുമായി രംഗത്തെത്തി.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ 2016 ജൂണ്‍ ഒന്നിനാണ് സിഡിറ്റിന്റെ രജിസ്ട്രാര്‍ ആയി ടി എന്‍ സീമയുടെ ഭര്‍ത്താവ് ജി ജയരാജനെ നിയമിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് ജയരാജന് സര്‍വീസില്‍ നിന്ന് വിരമിച്ചു. ഇതിന് പിന്നാലെയാണ് ജയരാജന് പുനര്‍നിയമനം നല്കി മാര്‍ച്ച് ഒന്നിന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

മൂന്ന് മാസത്തേക്കോ പുതിയ രജിസ്ട്രാര്‍ വരുന്നതു വരെയോ ജയരാജന് തുടരാം. ജയരാജന്റെ തന്നെ അപേക്ഷയിലാണ് പുനര്‍നിയമനം. സി ഡിറ്റ് പോലൊരു സ്ഥാപനത്തില്‍ ദൈനംദിന കാര്യങ്ങളുടെ ഭരണപരമായ നടത്തിപ്പിന് ഉദ്യോഗസ്ഥന് ഇല്ലാതെ വരുന്നത് പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് കണ്ടാണ് പുനര്‍ നിയമനമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.


