തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന തിരുവനന്തപുരത്തെ ആറ്റുകാല്‍ ദേവി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഇന്ന് കൊടിയേറും. രാത്രിയില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ കണ്ണകി ദേവിയെ കാപ്പുകെട്ടി ക്ഷേത്രനടയില്‍ കുടിയിരുത്തും.
ക്ഷേത്രത്തിലെ ഉത്സവ കലാപരിപാടികളുടെ ഉദ്ഘാടനം നടന് മമ്മൂട്ടി നിര്‍വഹിക്കും. അതിനായി ഇന്ന് വൈകുന്നേരം 6.30ന് താരം ക്ഷേത്രത്തിലെത്തും. അംബ, അംബിക, അംബാലിക എന്നീ മൂന്ന് വേദികളിലായാണ് കലാപരിപാടികള്‍ നടക്കുന്നത്.
അനന്തപുരി ഇനി ഉത്സവ നാളുകളിലേക്ക്. തിരുവനന്തപുരത്തെ ആബാലവൃദ്ധം ജനങ്ങള്‍ ആറ്റുകാലമ്മയുടെ ഉത്സവത്തെ വരവേല്‍ക്കാന്‍ കൈമെയ് മറന്ന് ഒരുങ്ങിക്കഴിഞ്ഞു. ആറ്റുകാലമ്മയുടെ തിരുസന്നിധിയില്‍ ഇന്നാരംഭിക്കുന്ന ഉത്സവ ചടങ്ങുകള്‍ 21നാണ് സമാപിക്കുന്നത്.


