ന്യൂഡെല്‍ഹി: പേപ്പര്‍ പാസ്പോര്‍ട്ടിന് പകരം ചിപ്പ് അടിസ്ഥാനമാക്കിയുള്ള ഇ-പാസ്പോര്‍ട്ട് സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. പ്രവാസി ഭാരതീയ ദിവസിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കേന്ദ്രീകൃത പാസ്പോര്‍ട്ട് സംവിധാനത്തിന് കീഴിലായിരിക്കും പ്രവര്‍ത്തനം. നമ്മുടെ എംബസികളും കോണ്‍സുലേറ്റുകളും പാസ്പോര്‍ട്ട് സേവ പ്രോജക്ടുമായി പരസ്പരം ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യന്‍ എംബസികളില്‍ നിന്നും കോണ്‍സുലേറ്റുകളില്‍ നിന്നും പാസ്പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കും, പി.ഐ.ഒ(പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒര്ജിന്) ഒ.സി.ഐ(ഓവര്‍സീസ് സിറ്റസിന്‍സ് ഓഫ് ഇന്ത്യ) തുടങ്ങിയവര്‍ക്ക് വിസ ലഭിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുമെന്നും മോദി വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ സന്തുഷ്ടരും സുരക്ഷിതരുമായിരിക്കാന് സര്‍ക്കാര്‍ പരിശ്രമിക്കുകയാണെന്നും മോദി പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ പ്രതിസന്ധി നേരിടുന്ന രണ്ട് ലക്ഷത്തോളം ഇന്ത്യക്കാരെ സര്‍ക്കാര്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.


