പഞ്ച്കുല: മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ സ്വയം പ്രഖ്യാപിത ആള് ദൈവം ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം തടവ്. മാധ്യമപ്രവര്ത്തകന് രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ ഗുര്‍മീത് റാം റഹീം ഉള്‍പ്പെടെ നാല് പേരുടെ ശിക്ഷയാണ് കോടതി വിധിച്ചത്.

ഗുര്‍മീത് റാം റഹീമിനും മറ്റ് മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തമാണ് ശിക്ഷ. 2002 നവംബര്‍ രണ്ടിനാണ് മാധ്യമപ്രവര്ത്തകന് ഛത്രപതിക്കെതിരെ ഗുര്‍മീത് വെടിയുതിര്‍ത്തത്. സിര്‍സയിലെ ദേരാ സച്ചാ ആസ്ഥാനത്ത് ഗുര്‍മീത് എങ്ങനെയാണ് സ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നതെന്ന് പൂരാ സച്ച് എന്ന തന്റെ പത്രത്തിലൂടെ ഛത്രപതി വെളിപ്പെടുത്തിയിരുന്നു. ഇതിനെതുടര്‍ന്നാണ് ഛത്രപതിയെ ഗുര്‍മീത് വെടിവച്ചത്.
സാരമായ പരിക്കുകളോടെ ഛത്രപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 2003ല്‍ മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് ആ വര്‍ഷം സംഭവത്തില്‍ കേസ് എടുക്കുകയും 2006ല്‍ കേസ് സി ബി ഐയ്ക്ക് കൈമാറുകയും ചെയ്തു. ആശ്രമത്തിലെ രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഗുര്‍മീത് സിംഗ് നിലവില്‍ ഹരിയാനയിലെ സുനരിയ ജയിലിലാണ്.


