തിരുവനന്തപുരം: രാജ്യത്തെ തൊഴിലാളി സംഘടനങ്ങളുടെ നേതൃത്വത്തിലുള്ള ദ്വിദിന പണിമുടക്കിന് അര്‍ധരാത്രിയോടെ തുടക്കമായി. മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ – തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരാണ് പണിമുടക്ക്. 20 കോടി തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമാകുമെന്ന് തൊഴിലാളി സംഘടനകളുടെ കൂട്ടായ്മ അറിയിച്ചു. തൊഴിലാളി യൂണിയന് കൂട്ടായ്മയുടെ ചരിത്രത്തില്‍ രണ്ടാം തവണയാണ് 48 മണിക്കൂര്‍ നീണ്ട പണിമുടക്ക്. സ്വകാര്യ- പൊതുമേഖല തൊഴിലാളികള്‍ക്ക് പുറമെ കര്‍ഷകരും കോളജ് വിദ്യാര്‍ത്ഥികളും അധ്യാപകരും ഒപ്പം കേന്ദ്രത്തിനെതിരായ നീക്കം എന്ന നിലയില്‍ പ്രതിപക്ഷ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദീര്‍ഘനാളായി തുടരുന്ന തൊഴിലാളി പ്രശ്നങ്ങള്‍ക്കൊപ്പം നോട്ട് അസാധുവാക്കല്‍, ജി.എസ്.ടി എന്നിങ്ങനെ ജനജീവിതം തകര്‍ക്കുന്ന നിരവധി നടപടികളാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് തൊഴിലാളി സംഘടനകള്‍ കുറ്റപ്പെടുത്തി.

സംയുക്ത ട്രേഡ് യൂണിയന് ആഹ്വാനം ചെയ്ത പണിമുടക്ക് ഹര്‍ത്താലാകില്ലെന്ന് നേതാക്കള്‍ ഉറപ്പ് നല്കുമ്പോഴും ജനജീവിതം സാധാരണ നിലയിലാകില്ലെന്ന് ഉറപ്പാണ്. ബസ്, ഓട്ടോ, ടാക്സി സര്‍വീസുകള്‍ നിലയ്ക്കും. റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖം തുടങ്ങിയ മേഖലകളും പണിമുടക്കിന്റെ ഭാഗമാകും. കെഎസ്ആര്‍ടിസിയിലെ പ്രമുഖ യൂണിയനുകളെല്ലാം പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍വേ ജീവനക്കാരില്‍ ബി എം എസ് ഒഴികെയുള്ള തൊഴില്‍യൂണിയനുകളും പണിമുടക്കിന് അനുകൂലമാണ്. സ്കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്നും നാളെയും പ്രവൃത്തി ദിവസങ്ങളാണെങ്കിലും ബഹൂഭൂരിപക്ഷം അധ്യാപകരും ജീവനക്കാരും എത്തുമോയോന്നതില്‍ ആശങ്കയുണ്ട്. പണിമുടക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് രണ്ടു ദിവസം കൊണ്ട് 12 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും സമരത്തില്‍ നിന്ന് പിന്മാറണമെന്നും എംഡി ടോമിന് തച്ചങ്കരി യൂണിയനുകളോട് ആവശ്യപ്പെട്ടെങ്കിലും യൂണിനുകള്‍ വിട്ടുുവീഴ്ചയ്ക്ക് തയ്യാറായില്ല. അതേസമയം, ശബരിമല സര്‍വീസിനെ പണിമുടക്ക് ബാധിക്കില്ലെന്ന് യൂണിയനുകള്‍ വ്യക്തമാക്കി. ആശുപത്രികളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍, സഹകരണ മേഖലയിലെ ഓഫീസുകളും അസംഘടിത മേഖലയിലെ തൊഴിലാളികളും ജോലിയില്‍ നിന്ന് വിട്ടു നില്ക്കും. വിനോദസഞ്ചാരികളെയും ശബരിമല തീര്‍ത്ഥാടകരെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കി.


