തിരുവനന്തപുരം: ചാല സ്വർണ കവർച്ചയിൽ അറസ്റ്റിലായ മാളവിക ജ്വല്ലറി ഉടമ ജയറാം ചില്ലറക്കാരനല്ലെന്ന് വിവരം. തട്ടിപ്പിനും വെട്ടിപ്പിനും ജയറാമിനെതിരെ തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ മാത്രമുള്ളത് 20 കേസുകളാണ്. ഇന്നലെ മാത്രം ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത് മൂന്നോളം കേസുകളാണ്. മൂന്ന് കേസുകളുടെയും എഫ്ഐആറിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. വഞ്ചനാ കുറ്റവും ഗൂഢാലോചനയും അടക്കമുള്ള വകുപ്പുകൾ ചേർത്താണ് നിലവിലെ മൂന്ന് എഫ്ഐആറുകളും.
സ്വർണ്ണം വാങ്ങി മുഴുവൻ പണം നൽകാതെ മുങ്ങുന്നത് പ്രതിയുടെ പതിവ് രീതിയാണ്. മുൻപ് പണം തിരിച്ചു ചോദിക്കാൻ എത്തിയ ആളുകളെ പ്രതി ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. സ്വർണ്ണത്തിന് മാർക്കറ്റ് വിലയേക്കാൾ കൂടുതൽ നൽകാമെന്ന് ഉപഭോക്താക്കളെ വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തുന്നത്. പലർക്കും ജയറാം തിരിച്ച് നൽകാൻ ഉള്ളത് ലക്ഷങ്ങളാണ്.

