മലപ്പുറം: തിരൂരങ്ങാടിയില്‍ 14 കാരനായ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബിക്ക് ഗുരുതര വീഴ്ചയെന്ന് നാട്ടുകാര്‍. ലൈന്‍ കമ്പികള്‍ താഴ്ന്ന് കിടക്കുന്നുവെന്ന് പലതവണ പരാതി നല്‍കിയിട്ടും അവഗണിച്ചു എന്നാണ് പരാതി. നാലഞ്ച് വര്‍ഷം മുന്‍പ് ഇത്തരത്തിലൊരപകടം ഒരു യുവാവിന് ഇതേയിടത്ത് വച്ച് സംഭവിച്ചിരുന്നുവെന്നും ആ സമയത്ത് പരാതിപ്പെട്ടിട്ടും ഇന്നുവരെ നടപടിയുണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. കെഎസ്ഇബിയുടെ അനാസ്ഥ കൊണ്ടാണ് കുട്ടി മരിച്ചതെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. സംഭവത്തില്‍ നാട്ടുകാര്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്.
തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകന് ജുനൈദ് ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ വീടിന് സമീപത്തെ വയലിലായിരുന്നു അപകടം. കൂട്ടുകാര്‍ക്കൊപ്പം മീന്‍പിടിക്കാന്‍ പോയ ജുനൈദ്, വൈദ്യുതി പോസ്റ്റില്‍ നിന്നും പൊട്ടിക്കിടന്ന സ്റ്റേ കമ്പിയില്‍ പിടിച്ചതോടെ ഷോക്കേല്‍ക്കുകയായിരുന്നു. സ്റ്റേ കമ്പിയുടെ ഒരു ഭാഗം ഹൈവോള്‍ട്ടേജ് ലൈനില്‍ തട്ടിനിന്നതാണ് അപകടത്തിന് കാരണമായത്. കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അതേസമയം, വിഷയത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് തിരൂരങ്ങാടി ഡെപ്യൂട്ടി സിഇയോട് മന്ത്രി ആവശ്യപ്പെട്ടു.
ഒരു വര്‍ഷത്തിലധികമായി ഉപയോഗശൂന്യമായി കിടക്കുന്നതും അറ്റകുറ്റപ്പണി നടത്താത്തതുമായ ലൈനുകള്‍ അഴിച്ചുമാറ്റുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. പരാതികള്‍ പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും, ജുനൈദിന്റെ കുടുംബത്തിന് ബോര്‍ഡിന്റെ ഭാഗത്തുനിന്ന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

