കൊച്ചി: സിനഗോഗിന് നേരെയുള്ള ആക്രമണത്തില് പ്രതി എബിന് പോളിനെ കേന്ദ്രീകരിച്ച് പോലീസിന്റെ വിപുലമായ അന്വേഷണം. എബിന് മൂവാറ്റുപുഴയില് ആക്രമണം നടത്തിയത് പരിശീലനത്തിന്റെ ഭാഗമെന്ന നിഗമനത്തില് പോലീസ്. കൂടുതല് വിശദാംശങ്ങള് തേടി ടെലഗ്രാമിന് പോലീസ് കത്ത് നല്കി.
മാര്ച്ച് 18 നാണ് മുവാറ്റുപുഴ യൂസ്ഡ് കാര് ഷോറൂമിന് എബിന് പോള് തീയിട്ടത്. എബിന് ഇക്കാര്യം പോലീസിനോട് സ്ഥിരീകരിച്ചു. ഈ ആക്രമണത്തിന്റെ ദൃശ്യങ്ങളും പകര്ത്തി സൂക്ഷിച്ച് ബോസ് എന്ന് വിളിക്കുന്ന ആള്ക്ക് അയച്ചു നല്കിയിട്ടുണ്ട്. പരിശീലനത്തിന്റെ ഭാഗമെന്ന നിഗമനത്തിലാണ് പോലീസ്.പ്രതിയില് നിന്ന് പിടിച്ചെടുത്ത ഡിജിറ്റല് ഉപകരണങ്ങളുടെ പരിശോധന നടക്കുക്കയാണ്. കൂടുതല് വകുപ്പുകള് ചുമത്തുന്നതില് തീരുമാനം പിന്നീട് എന്നും ഡിസിപി അരുണ് കെ പവിത്രന് അറിയിച്ചു.
എബിന്റെ ടെലഗ്രാം ഐഡിയുടെ കൂടുതല് വിശദാംശങ്ങള് തേടി ടെലഗ്രാമിന് പോലീസ് കത്ത് നല്കിയിട്ടുണ്ട്. ബോസുമായുള്ള ടെലഗ്രാം ചാറ്റുകള് അടക്കമാണ് നേരത്തെ പോലീസിന് ലഭിച്ചിരുന്നത്. തീവ്രവാദബന്ധമെന്ന സംശയത്തില് കേന്ദ്ര അന്വേഷണ ഏജന്സികളുടെ പരിശോധനയും പുരോഗമിക്കുകയാണ്.

