നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആകണമെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ അഭിപ്രായം. ഉപനേതൃസ്ഥാനം നൽകില്ലെന്ന് സിപിഐഎം വ്യക്തമാക്കിയതോടെ എന്തു ചെയ്യുമെന്ന് ചോദിച്ചുകൊണ്ടാണ് നേതാക്കൾ ഈ അഭിപ്രായം ഉന്നയിച്ചത്. എൽഡിഎഫ് എന്നാൽ സിപിഐഎം എന്ന രീതി അംഗീകരിക്കാനാവില്ലെന്നും ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന സിപിഐയുടെ നിർബന്ധത്തിന് മുന്നിൽ ഉടലെടുത്ത തർക്കത്തെ തുടർന്ന് ഇടതുമുന്നണി യോഗം ചേരുന്നത് നീണ്ടു പോയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ഒരു തവണ മാത്രമാണ് എൽഡിഎഫ് യോഗം ചേർന്നത്. ഉപനേതാവ് സ്ഥാനം വിട്ടുകൊടുക്കാനാവില്ലെന്നാണ് സിപിഎം നിലപാട്. അതിൽ വിട്ടുവീഴ്ചയ്ക്ക് സിപിഎം തയാറാവണമെന്ന നിലപാടാണ് ഘടകകക്ഷികൾക്കുള്ളത്.
വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് സിപിഐഎമ്മിലെ കോടിയേരി ബാലകൃഷ്ണനായിരുന്നു ഉപനേതാവ് എന്ന ഉദാഹരണമാണ് സി.പി.എം. ഇതിനായി ചൂണ്ടിക്കാട്ടുന്നത്. ഇപ്പോൾ പ്രതിപക്ഷ ഉപനേതാവായി സിപിഎം കാണുന്നത് കെ.എൻ ബാലഗോപാലിനെയാണ്. സിപിഐയാകട്ടെ കെ. രാജന് ആ പദവി നൽകണമെന്നാണ് ആവശ്യപ്പെടുന്നത്.

