കൊച്ചി: മത്സരാധിഷ്ഠിതമായ ഇന്നത്തെ ലോകത്ത് പ്രതിസന്ധികളെയും വെല്ലുവിളികളെയും അവസരങ്ങളാക്കി മാറ്റാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കണമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എറണാകുളം നിയോജക മണ്ഡലത്തിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കായി ടി.ജെ. വിനോദ് എം.എല്‍.എ ഏര്‍പ്പെടുത്തിയ എക്സലന്റ് അവാര്‍ഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഠിനാധ്വാനത്തിലൂടെയും അച്ചടക്കത്തിലൂടെയും മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതത്തില്‍ ഉന്നത വിജയങ്ങള്‍ കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. മലയാളികള്‍ ലോകത്തിന്റെ നെറുകയിലെത്തിയത് വിദ്യാഭ്യാസത്തിന്റെ കരുത്തിലാണ്. ?ജീവിതത്തില്‍ ഇംപോസിബിള്‍ എന്ന വാക്ക് ഉണ്ടാകരുതെന്നും എല്ലാ കാര്യങ്ങളെയും എങ്ങനെ പോസിബിള്‍ ആക്കി മാറ്റാം എന്നാണ് വിദ്യാര്‍ത്ഥികള്‍ ചിന്തിക്കേണ്ടതെന്നും നെപ്പോളിയന് ബോണപ്പാര്‍ട്ടിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
മാതാപിതാക്കളും അധ്യാപകരും കാണിച്ചുതരുന്ന സന്മാര്ഗ്ഗത്തിലൂടെ സഞ്ചരിച്ച് ഉന്നത ലക്ഷ്യങ്ങളിലേക്ക് കുതിക്കാന്‍ വിദ്യാര്‍ത്ഥി ജീവിതമെന്ന സുവര്‍ണ്ണകാലഘട്ടം പ്രയോജനപ്പെടുത്തണമെന്നും, നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും സമൂഹത്തിലെ പാവപ്പെട്ടവരെയും സാധുക്കളെയും ഓര്‍ക്കണമെന്നും അവരുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്താന്‍ കഴിയുന്നതാണ് യഥാര്‍ത്ഥ ജീവിതവിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ലഹരിക്കെതിരെ വലിയ പോരാട്ടമാണ് നടക്കുന്നത്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓപ്പറേഷന് തൂഫാന് ലഹരിവിരുദ്ധ മഹാ യജ്ഞത്തില്‍ വിദ്യാര്‍ത്ഥികള്‍ അണിനിരക്കണം. യുവത്വത്തെ നശിപ്പിക്കുന്ന മയക്കുമരുന്നിനെതിരെയും ലഹരിക്കെതിരെയും വിദ്യാര്‍ത്ഥികള്‍ ‘തൂഫാന് വാരിയേഴ്സ്’ ആയി മാറണമെന്നും ജീവിതത്തില്‍ ഒരിക്കലും ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന പ്രതിജ്ഞ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഹൈബി ഈഡന് എം.പി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വിദ്യാര്‍ത്ഥികളുടെ അക്കാദമിക മികവിനെ ആദരിക്കുന്നതിനൊപ്പം, മികച്ച പൗരബോധവും സാമൂഹിക ഉത്തരവാദിത്തവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണത്തെ ‘മികവ് 2026’ പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനമായ ‘ഓപ്പറേഷന് തൂഫാന്’ പദ്ധതിയുടെ ഭാഗമായി സമൂഹത്തിന് ശക്തമായ സന്ദേശം നല്കുന്ന മാന്ത്രികന് സാമ്രാജിന്റെ പ്രത്യേക മാജിക് ഷോ മികവ് 2026 ന്റെ വേദിയില്‍ അരങ്ങേറി. കലയും സന്ദേശവും സമന്വയിപ്പിക്കുന്ന ഈ അവതരണം ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുസമൂഹത്തിനും ശക്തമായ ബോധവത്കരണം നല്കി. ടി.ജെ. വിനോദ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊച്ചി മേയര്‍ അഡ്വ. വി.കെ. മിനിമോള്‍, ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി വാര്യത്ത്, ഡിവിഷന് കൗണ്‍സിലര്‍ അഗസ്റ്റിന് സെബാസ്റ്റിയന്, ജില്ലാ കളക്ടര്‍ ജി പ്രിയങ്ക , സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്കുമാര്‍, പ്രശസ്ത മന്ത്രികന് സാമ്രാജ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സുബിന് പോള്‍, ഹിണ്ടാല്‍കോ ഇന്ഡസ്ട്രീസ്എറണാകുളം യൂണിറ്റ് പ്ലാന്റ് ഹെഡ് ഹരേന്ദ്ര സിംഗ് , അലിംസ് ബി സ്കൂള്‍ മാനേജിങ്ങ് ഡയറക്ടര്‍ അഷ്റഫ് വാഫി, തുടങ്ങിയവര്‍ പങ്കെടുത്തു.


