പി കെ വേലായുധന് രചനയും സനീഷ് കുഞ്ഞൂഞ്ഞ് സംവിധാനവും നിര്വഹിച്ച പാട്ടുകാരി എന്ന മ്യൂസിക് വീഡിയോയുടെ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി വി.ഡി. സതീശന് നിര്വഹിച്ചു. 30 വര്ഷം മുമ്പ് പി കെ വേലായുധന് മഹാരാജാസ് കോളേജ് വിദ്യാര്ത്ഥിയായിരിക്കെ രചിച്ചതാണ് ഈ ഗാനം. കേരള പ്രസ് അക്കാദമിയിലെ സതീര്ഥ്യനും മാധ്യമപ്രവര്ത്തകനുമായ സനീഷ് കുഞ്ഞൂഞ്ഞിന്റെ നിര്ദ്ദേശപ്രകാരമാണ് ഗാനം ചിട്ടപ്പെടുത്തിയത്. സ്കൂള് വിദ്യാര്ത്ഥിയായിരിക്കെ ഒരു ആണ്കുട്ടിക്ക് പാട്ടുകാരിയായ ഒരു പെണ്കുട്ടിയുമായി ഉണ്ടായ മാനസിക അടുപ്പത്തിന്റെ കഥ പറയുന്നതാണ് മൂന്നു മിനിറ്റ് ദൈര്ഘ്യമുള്ള ഈ മ്യൂസിക് വീഡിയോ.
മൂവാറ്റുപുഴ സ്വദേശി കളും അധ്യാപകരുമായ അനീഷ് പി ചിറക്കലിന്റെയും ബിനി ബാലചന്ദ്രന്റെ യും മകളായ കങ്കണയാണ് ഈ ചിത്രത്തിലെ നായികയുടെ ബാല്യം അഭിനയിക്കുന്നത്. മേവെള്ളൂര് കുഞ്ഞുരാമന് മെമ്മോറിയല് ഹൈസ്കൂളിലെ വിദ്യാര്ത്ഥി ഹാര്ദ്ദവ് നായകന്റെ ബാല്യം അഭിനയിക്കുന്നു. ടെലി-സീരിയല് അഭിനേതാവായ പ്രകാശ് സഹദേവന് നായകനായും തിയറ്റര് ആര്ട്ടിസ്റ്റും മൂവാറ്റുപുഴ എസ് എന് ബി എഡ് കോളേജിലെ വിദ്യാര്ഥിനിയുമായ വൃന്ദ ബിനു നായികയായും രംഗത്തെത്തുന്നു.
മേവെള്ളൂര് കുഞ്ഞുരാമന് മെമ്മോറിയല് ഹൈസ്കൂള് ആണ് പ്രധാന ലൊക്കേഷന്. സ്കൂളിലെ വിദ്യാര്ഥികളും അധ്യാപകരും ചിത്രത്തില് അഭിനേതാക്കളായി എത്തുന്നുണ്ട്. മൂന്നു മിനിറ്റുള്ള മനോഹരമായ ഈ അഭ്രകാവ്യം ക്യാമറയില് പകര്ത്തിയത് നിയാസ് സെയ്ദ് ആണ്. പി കെ വേലായുധനും സനീഷ് കുഞ്ഞൂഞ്ഞും കേരള പ്രസ് അക്കാദമിയിലെ ജേണലിസം സഹപാഠികള് ആയിരുന്നു എന്ന സവിശേഷതയും ഉണ്ട്.

