ഇടുക്കി: അണക്കരയിലെ സർക്കാർ സ്കൂളിൽ ഏഴാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ അധ്യാപൻ ശിവകുമാറിനെതിരെ നടപടി. അധ്യാപകനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചതായി പ്രഥമാധ്യാപകൻ പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ തിങ്കളാഴ്ച സ്കൂളിൽ എത്തി പരിശോധന നടത്തും. അതിനിടെ വിഷയം ഒതുക്കി തീർക്കാൻ നീക്കം നടക്കുന്നതായും ആക്ഷേപമുണ്ട്.
തമിഴ് മീഡിയത്തിൽ പഠിക്കുന്ന ഏഴാം ക്ലാസ് വിദ്യാർഥിക്കാണ് അധ്യാപകനിൽ നിന്ന് അതിക്രൂരമായ അനുഭവം ഉണ്ടായത്. സ്കൂളിൽ വെച്ച് തന്നെ പരിഹസിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചായിരുന്നു അധ്യാപകന്റെ മർദനം. ചൂരൽ കൊണ്ട് വടി ഒടിയുന്നത് വരെ കുട്ടിയെ ക്രൂരമായി അടിക്കുകയും, കരണത്തടിക്കുകയും ചെയ്തതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്.ഇതിനുപുറമെ ക്ലാസ് മുറിയിൽ മുട്ടിൽ നിർത്തിച്ച ശേഷം കുട്ടിയുടെ കാലിൽ ബൂട്ടിട്ട കാൽ കൊണ്ട് ചവിട്ടിയതായും, മാതാപിതാക്കളുടെ പേര് പറഞ്ഞ് അധിക്ഷേപിച്ചതായും പരാതിയിലുണ്ട്. വൈകീട്ട് വീട്ടിലെത്തിയ കുട്ടി ശാരീരിക അസ്വസ്ഥതകൾ കാണിക്കുകയും പരിക്കുകൾ മാതാപിതാക്കളെ കാണിക്കുകയുമായിരുന്നു. തുടർന്ന് കുട്ടിയെ വണ്ടൻമേട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്നാണ് വണ്ടൻമേട് പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയത്.


