ബംഗളുരു: കര്‍ണാടക അതിര്‍ത്തിയിലെ കബനി നദിക്ക് കുറുകെയുള്ള ബൈരക്കുപ്പ പാലത്തിന്റെ നിര്‍മ്മാണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാര്‍ ഉറപ്പ് നല്കി. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളുരുവില്‍ നടത്തിയ ചര്‍ച്ചയിലാണ് പാലം നിര്‍മ്മാണം സംബന്ധിച്ച കാര്യങ്ങള്‍ ഉടനെ മന്ത്രിസഭാ യോഗത്തില്‍ വെക്കുമെന്ന് അദ്ദേഹം പറഞ്ഞത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി ഇതിനുള്ള നിര്‍ദേശങ്ങളും നല്കി.
കേരളത്തിനും കര്‍ണാടകയ്ക്കും ഇടയില്‍ വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന അന്തര്‍സംസ്ഥാന പാലമാണിത്. വയനാട് ജില്ലയിലെ പെരിക്കല്ലൂരിനെയും കര്‍ണാടകയിലെ കുടക് ജില്ലയിലെ ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ കേരള ഭാഗത്തെ അപ്രോച്ച് റോഡ് പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. പദ്ധതിയുടെ പൂര്‍ത്തീകരണം ഇപ്പോള്‍ കര്‍ണാടകയിലെ അനുബന്ധ പാതയുടെ നിര്‍മ്മാണത്തെ ആശ്രയിച്ചാണ്.
കര്‍ണാടക പാതയിലെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കലും ആവശ്യമായ പാരിസ്ഥിതിക അനുമതികളും വേഗത്തിലാക്കാന്‍ ഇടപെടണമെന്ന് മന്ത്രി പി.കെ. ബഷീര്‍ മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിനോട് ആവശ്യപ്പെട്ടു. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ദീര്‍ഘകാലമായുള്ള യാത്രാ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും. കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാന്‍ സാധിക്കും.
പുല്‍പ്പള്ളി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, കോഴിക്കോട് എന്നിവിടങ്ങളെ നേരിട്ട് മൈസൂരിലേക്കും ബെംഗളൂരുവിലേക്കും ബന്ധിപ്പിക്കുന്ന ബദല്‍ പാതയായും പാലം പ്രവര്‍ത്തിക്കും. ബന്ദിപ്പൂര്‍ വനമേഖലയിലെ രാത്രി യാത്രാ നിയന്ത്രണങ്ങള്‍ മറികടക്കുന്നതിനും ഇത് സഹായകമാകും.


