ഡൽഹി: അവധിക്കാലമായതോടെ രാജ്യത്തെ റെയിൽവെ സ്റ്റേഷനുകളിൽ ജനപ്രളയമാണ്. മണിക്കൂറുകളോളം ആളുകൾ ടിക്കറ്റിനായി ക്യൂ നിൽക്കുന്നതിന്റെയും ഒന്ന് ശ്വാസം വിടാൻ പോലുമാകാതെ തിങ്ങിനിറഞ്ഞ കമ്പാര്‍ട്ട്മെന്റിൽ യാത്ര ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്.
യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ജൂലൈ 15 വരെ 18,262 സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നടത്തുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 15 മുതൽ ജൂലൈ 15 വരെയുള്ള മൂന്ന് മാസക്കാലയളവിലാണ് ഈ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. മൊത്തം 908 സ്പെഷ്യൽ ട്രെയിനുകളാണ് ഇത്തവണ അനുവദിച്ചിട്ടുള്ളത്. തിരക്ക് കൂടുതലുള്ള പ്രധാന പാതകൾ കേന്ദ്രീകരിച്ചാണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്. ഇതിനോടകം 660 ട്രെയിനുകൾ റെയിൽവെ അനുവദിച്ചിട്ടുണ്ട്. 11,294 സര്‍വീസുകളാണ് ഇതിലൂടെ നടക്കുക.


