ബാങ്കോക്ക്: ഇന്ത്യയിൽ നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഏഷ്യയിലെ വിവിധ വിമാനത്താവളങ്ങളിൽ കോവിഡ് കാലത്തിന് സമാനമായ ആരോഗ്യ പരിശോധനകൾ പുനരാരംഭിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ പശ്ചിമ ബംഗാളിൽ അഞ്ച് നിപ കേസുകൾ സ്ഥിരീകരിച്ചതിനെത്തുടർന്നാണ് നീക്കം.
തായ്ലൻഡ്, നേപ്പാൾ, തായ്വാൻ എന്നീ രാജ്യങ്ങളാണ് പരിശോധകള്‍ കർശനമാക്കിയതെന്നാണ് ബ്രിട്ടീഷ് മാധ്യമമായ ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും, അടുത്ത സമ്പർക്കത്തിലൂടെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാൻ സാധ്യതയുള്ള വൈറസാണിത്.പശ്ചിമ ബംഗാളിലെ ഒരു ആശുപത്രിയിൽ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ഏകദേശം 100 പേരെ ക്വാറന്റൈനിൽ പ്രവേശിപ്പിപ്പിച്ചിരുന്നു. ആദ്യം രോഗം സ്ഥിരീകരിച്ച രണ്ട് നഴ്സുമാരും നോർത്ത് 24 പർഗാനാസ് ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്തവരായിരുന്നു. രോഗം സ്ഥിരീകരിച്ച അഞ്ചുപേരും ചികിത്സയിലാണ്. രോഗികളുമായി അടുത്ത സമ്പർക്കമുണ്ടായിരുന്നവരെയാണ് ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ബാങ്കോക്കിലെ സുവർണഭൂമി, ഡോൺ മ്യൂങ്, വിനോദസഞ്ചാര കേന്ദ്രമായ ഫുക്കറ്റ് എന്നീ പ്രധാന വിമാനത്താവളങ്ങളിൽ പശ്ചിമ ബംഗാളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് കർശന പരിശോധന ഏർപ്പെടുത്തി. ഇവിടങ്ങളില്‍ പനിയും മറ്റ് രോഗലക്ഷണങ്ങളും ഉണ്ടോ എന്ന് പരിശോധിക്കുകയും, അവർക്ക് ആരോഗ്യ നിർദ്ദേശങ്ങൾ അടങ്ങിയ കാർഡുകൾ നൽകുകയും ചെയ്യുന്നുണ്ട്.


