രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് വീണ്ടും പിന്തുണയുമായി നടി സീമ ജി. നായർ. രാഹുലിനെതിരെ പുതിയ ചാറ്റ്, ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നതിനു പിന്നാലെ സീമ ജി. നായർ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ് ചർച്ചയാകുകയാണ്. ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ലെന്നും തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം. ഏതുതരം സൈബർ ആക്രമണം വന്നാലും താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുമെന്നും സീമ പറയുന്നു.
സീമ ജി. നായരുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ശുഭദിനം, ഇന്നലെ ചില പ്രശ്നങ്ങൾ വീണ്ടും ഉടലെടുത്തിട്ടുണ്ട്. അതിന്റെ പേരിൽ സൈബർ അറ്റാക്കും തുടങ്ങിയിട്ടുണ്ട്. അതിൽ “തീക്കുട്ടി “എന്ന മുഖമില്ലാത്ത വ്യക്തിയിൽ നിന്നും ഏറ്റവും അധികം ആക്ഷേപിച്ചുകൊണ്ടു എനിക്കെതിരെ പോസ്റ്റ് വന്നിട്ടുണ്ട്.(തീക്കുട്ടി പറയുന്നത് എന്റെ സമയം ആയി എന്നാണ്, ദൈവം തമ്പുരാൻ തീക്കുട്ടിയുടെ രൂപത്തിൽ അവതരിച്ചു എന്നുള്ളത് അടിയൻ അറിഞ്ഞില്ല.. പൊറുക്കണേ മുഖം ഇല്ലാത്ത തമ്പുരാനെ )
ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്. പിന്നെ ആവശ്യത്തിൽ കൂടുതൽ എഴുതിയിട്ടുണ്ട്. അതിന്റെ താഴെ വന്നു ഈ പോസ്റ്റ് കാത്തിരുന്നതുപോലെ ആക്ഷേപങ്ങൾ വളരെ കൂടുതലുണ്ട്.ഇനി ഞാൻ പറയട്ടെ, ഏത് തീക്കുട്ടി വന്ന് എന്തെഴുതിയാലും, തേനീച്ചക്കൂട് ഇളകിയപോലെ സൈബർ അറ്റാക്ക് വന്നാലും, ഞാൻ എന്റെ സ്റ്റേറ്റ്മെന്റിൽ ഉറച്ചു നിൽക്കും. (ആദ്യം ഞാൻ രാഹുലിന് വേണ്ടി ഇട്ട പോസ്റ്റിൽ എഴുതിയ വാചകം ഇപ്പോളും എഴുതുന്നു ) അന്നും ഇന്നും പറയുന്നു, തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം, അത് തെറ്റ് ചെയ്താൽ മാത്രം. ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല. അതുകൊണ്ടു ഇതൊക്കെ കേട്ട് പേടിച്ചു മൂലയിൽ പോയി ഞാൻ ഒളിക്കുമെന്നു ഒരു തീക്കുട്ടിയും കരുതണ്ട.


