ഫാഷന്‍ ട്രെന്‍ഡുകള്‍ പോലെ, മേക്ക് അപ്പ് ട്രെന്‍ഡുകള്‍ പോലെ, ഹോം ഡെകോര്‍ ട്രെന്‍ഡുകള്‍ പോലെ കണ്ണുമടച്ച് ഇന്‍സ്റ്റഗ്രാമിലെ ഹെല്‍ത്ത് ട്രെന്‍ഡുകള്‍ വിശ്വസിക്കരുതെന്ന് ബുദ്ധിയുള്ളവര്ക്കറിയാം. വണ്ണം കുറയാന്‍ ഇത് മാത്രം മതി എന്ന അടിക്കുറിപ്പോടെ ഇപ്പോള്‍ ചിയാ സീഡ്സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വലിയ ട്രെന്‍ഡിംഗ് ആകുകയാണ്. സോഷ്യല്‍ മീഡിയ ഇത്ര ഉറപ്പിച്ച് ഹൈപ്പ് നല്‍കുന്നത് കണ്ട് പലരും ചിയാ സീഡ്സ് കുതിര്‍ത്ത് കഴിക്കാന്‍ ആരംഭിച്ചു. പക്ഷേ സോഷ്യല്‍ മീഡിയ പറയുന്നത് തന്നെയാണോ ശാസ്ത്രം പറയുന്നതെന്ന് നിങ്ങള്‍ ഉറപ്പിച്ചിട്ടുണ്ടോ? ശരിക്കും ചിയാ സീഡ്സ് വണ്ണം കുറയാനുള്ള അത്ഭുത മരുന്നോ? പരിശോധിക്കാം.വാസ്തവത്തില്‍ ചിയാ സീഡ്സ് വണ്ണം കുറയ്ക്കാനുള്ള പ്രധാന മാര്‍ഗമായി ഉപയോഗിക്കുന്നതിനെ കുറിച്ച് സ്ഥിരീകരണം നല്കുന്ന സുപ്രധാന പഠനഫലങ്ങളൊന്നും ലഭ്യമല്ല. ഫുഡ് റിസേര്‍ച്ച് ഇന്റര്‍നാഷണലില്‍ പ്രസിദ്ധീകരിച്ച എലികളില്‍ നടത്തിയ ഒരു പഠനപ്രകാരം ചിയാ സീഡ്സ് ഉപയോഗിച്ച എലികളില്‍ കൊഴുപ്പ് ഒരു ചെറിയ അളവോളം കുറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു ദിവസം കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും അതോടൊപ്പം ചിയാ സീഡ്സ് കഴിക്കുകയും ചെയ്യുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസ് 2023ല്‍ പ്രസിദ്ധീകരിച്ച പഠനവും അടയാളപ്പെടുത്തുന്നുണ്ട്.
ചിയാ സീഡ്സിന്റെ ഗുണമായി ശാസ്ത്രം സമ്മതിച്ച് തരുന്ന ചില കാര്യങ്ങളുണ്ട്. ഫൈബര്‍ മൂല്യം വളരെ ഉയര്‍ന്ന ചിയാ സീഡ്സ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും പെട്ടെന്ന് വയര്‍ നിറഞ്ഞത് പോലെ തോന്നിക്കാനും സഹായിക്കുന്നു. നല്ല അളവില്‍ പ്രോട്ടീനും ഫാറ്റും അടങ്ങിയതും കലോറി കുറവുമുള്ളതായ ഏത് ഭക്ഷണത്തിന്റേയും പ്രയോജനം ചിയാ സീഡ്സ് കഴിച്ചാലും ലഭിക്കും. കൂടാതെ ഒമേഗ ത്രീ ഫാറ്റി ആസിഡിന്റെ ഒരു കലവറ കൂടിയാണ് ചിയാ സീഡ്സ്.


