തിരുവനന്തപുരം: പതിനാറുകാരനെ ഐഎസിൽ ചേരാൻ നിർബന്ധിച്ചെന്ന കേസിൽ വിശദ അന്വേഷണവുമായി പോലീസ്. 2019-ലെ കനകമല ഐഎസ് റിക്രൂട്ട്മെന്റ് കേസിൽ ചോദ്യം ചെയ്യപ്പെട്ട കന്യാകുളങ്ങര സ്വദേശിക്ക് ഈ സംഭവവുമായി ബന്ധമുണ്ടോയെന്നതും പരിശോധിക്കുന്നു.
യുവതി നെടുമങ്ങാട് സ്വദേശിയെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇവരുടെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ടാണ് മതപരിവര്‍ത്തനം നടത്തിയത്. യുകെയില്‍ നഴ്സായി ജോലി ചെയ്യുന്ന ഇവര്‍ അവിടെ വച്ചാണ് ആണ്‍സുഹൃത്തിനെ പരിചയപ്പെടുന്നത്. കുട്ടിയെ പത്താം ക്ലാസ് സമയത്ത് യുകെയില്‍ കൊണ്ടുപോയ സമയത്തായിരുന്നു ഐഎസില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി പലതരത്തിലുള്ള വീഡിയോകള്‍ ആണ്‍സുഹൃത്ത് കാണിച്ചുകൊടുക്കുന്നത്.
വെമ്പായം സ്വദേശിയും യുവതിയും തമ്മിലുള്ള അടുപ്പവും അയാളുടെ തീവ്രവാദ ആഭിമുഖ്യവും യുവതിയും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങൾക്ക് വഴിവെച്ചു. ഭർത്താവ് നാട്ടിലേക്കുമടങ്ങുകയും ചെയ്തു. പിന്നീട് യുവതി പ്രസവത്തിനായി നാട്ടിലെത്തിയപ്പോൾ കുട്ടിയും യുവതിയുടെ സുഹൃത്തും മാത്രമാണ് ഇംഗ്ലണ്ടിലുണ്ടായിരുന്നത്. ആ സമയത്താണ് സുഹൃത്ത് കുട്ടിയെ ഐഎസിൽ ചേരാൻ നിർബന്ധിച്ചതെന്നാണ് പോലീസിന് ലഭിച്ച മൊഴി. അമ്മയുള്ളപ്പോഴും കുട്ടിയെ തീവ്രവാദ ഗ്രൂപ്പിലെത്തിക്കാൻ സുഹൃത്ത് ശ്രമിച്ചിരുന്നെന്നും അമ്മ കൂട്ടുനിന്നുവെന്നും കുട്ടിയുടെ മൊഴിയിലുണ്ട്.


