കോഴിക്കോട്: വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയതിനെതിരായ കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥി വി.എം വിനുവിന്റെ ഹരജി ഹൈക്കോടതി തള്ളിയതോടെ പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് ഡിസിസി പ്രസിഡന്റ്. കോടതി വിധി പൂർണമായും അംഗീകരിക്കുന്നു. ഇതുകൊണ്ടൊന്നും രാഷ്ട്രീയ പോരാട്ടം അവസാനിക്കുന്നില്ലെന്നും കെ. പ്രവീൺ കുമാർ പറഞ്ഞു.
വി.എം വിനുവിൻ്റെ വോട്ട് ഉൾപ്പെടുത്തേണ്ട ഉത്തവാദിത്തം ബിഎൽഒമാർക്കായിരുന്നു. ഇത് അവരുടെ വീഴ്ചയാണ്. എന്തെങ്കിലും പാളിച്ച പാർട്ടിക്ക് സംഭവിച്ചെങ്കിൽ ഗൗരവമായി പരിശോധിക്കും. കല്ലായിയിൽ പ്ലാൻ ബി ഉണ്ടാകും. വിനുവിന് പകരം സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും. ശക്തനായ സ്ഥാനാർഥി വരും. വി.എം വിനുവിനെ യുഡിഎഫ് ചേർത്തുനിർത്തും. അദ്ദേഹം യുഡിഎഫിനു വേണ്ടി പ്രചാരണ രംഗത്തുണ്ടാകുമെന്നും പ്രവീൺ കുമാർ പറഞ്ഞു.


