പാചകം ചെയ്തു കഴിഞ്ഞാൽ ഗ്യാസ് സ്റ്റൗവിന് ചുറ്റും ഭക്ഷണാവശിഷ്ടങ്ങളും കറയും അഴുക്കും ഉണ്ടാകുന്നു. ഉടനെ വൃത്തിയാക്കിയില്ലെങ്കിൽ സ്റ്റൗവിൽ കറ പറ്റിയിരിക്കുകയും പിന്നീട് വൃത്തിയാക്കുന്നത് ബുദ്ധിമുട്ടാവുകയും ചെയ്യും. എന്നാൽ കറപിടിച്ച ഗ്യാസ് സ്റ്റൗ ഇനി എളുപ്പം വൃത്തിയാക്കാൻ സാധിക്കും. വിനാഗിരി മാത്രം മതി. വിനാഗിരി ഉപയോഗിച്ച് ഗ്യാസ് സ്റ്റൗ വൃത്തിയാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
1.ഓരോന്നും ഇളക്കിമാറ്റി വൃത്തിയാക്കാം
ഗ്യാസ് സ്റ്റൗവിന്റെ എല്ലാ ഭാഗങ്ങളും ഇളക്കിമാറ്റി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. വലിയൊരു പാത്രത്തിൽ ചൂട് വെള്ളവും അതിലേക്ക് കുറച്ച് വിനാഗിരിയും ഒഴിച്ചുകൊടുക്കണം. ഇതിലേക്ക് കുറച്ച് ഡിഷ്വാഷ് ലിക്വിഡ് കൂടെ ചേർക്കാം. ശേഷം ഗ്യാസ് സ്റ്റൗവിന്റെ ഭാഗങ്ങൾ ഇതിൽ മുക്കിവയ്ക്കാവുന്നതാണ്.
2. സ്റ്റൗ വൃത്തിയാക്കാം
മറ്റൊരു പാത്രത്തിൽ വിനാഗിരി ചേർത്ത ചൂട് വെള്ളമെടുത്തതിന് ശേഷം സ്റ്റൗവിൽ സ്പ്രേ ചെയ്യണം. അതുകഴിഞ്ഞ് 10 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി കഴുകി വൃത്തിയാക്കാം. ഇത് പറ്റിപ്പിടിച്ച കറകളെ എളുപ്പം നീക്കം ചെയ്യാൻ സഹായിക്കുന്നു . 3. തുടച്ചെടുക്കാം
ഈർപ്പമുള്ള സ്പോഞ്ച് അല്ലെങ്കിൽ മൈക്രോഫൈബർ തുണി ഉപയോഗിച്ച് സ്റ്റൗ തുടച്ചെടുക്കാം. ആവശ്യമെങ്കിൽ സ്ക്രബർ ഉപയോഗിച്ച് ഉരച്ച് കഴുകാവുന്നതാണ്.
4. കഴുകണംമൈക്രോഫൈബർ തുണി ഉപയോഗിച്ച് സ്റ്റൗവിന്റെ നോബ് നന്നായി തുടച്ചെടുക്കണം. ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് സ്റ്റൗ നന്നായി തുടച്ച് ഉണക്കണം.
5. ശ്രദ്ധിക്കാം
ഇളക്കിമാറ്റിയ ഭാഗങ്ങൾ എല്ലാം നന്നായി തുടച്ച് ഉണക്കിയതിന് ശേഷം മാത്രമേ സ്റ്റൗവിൽ ഘടിപ്പിക്കാൻ പാടുള്ളൂ.


