ഏറെ വിവാദങ്ങൾക്ക് വഴിവെച്ച 70 മണിക്കൂര്‍ ജോലിയെന്ന പ്രസ്താവന ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തി ആവർത്തിച്ചത് വലിയ ചർച്ചയായിരിക്കുകയാണ്. ചൈനയിലെ ‘9-9-6 ‘ രീതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. അതായത്, രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെ ആഴ്ചയിൽ ആറുദിവസം ജോലി ചെയ്യുന്ന രീതിയെക്കുറിച്ചാണ് ഇവിടെ അദ്ദേഹം പറഞ്ഞത്.
എന്നാൽ, ഈ ‘9-9-6′ തൊഴിൽ സംസ്കാരം ജോലിയിലെ മടുപ്പ്, വിട്ടുമാറാത്ത മാനസിക പിരിമുറുക്കം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ജോലിസമയം ഉയര്‍ത്തുന്നത് തൊഴിലാളികളുടെ ആരോഗ്യത്തിന് വല്ലാതെ ക്ഷതം വരുത്തുകയും ജോലിയോടുള്ള മനോഭാവം മാറ്റിമറിക്കുമെന്നുമാണ് ഒരു കൂട്ടരുടെ വാദം. തൊഴിലാളികളുടെ മാനസികാരോഗ്യത്തിനും ഉത്പാദനക്ഷമതയ്ക്കും പ്രഥമ പരിഗണന നല്‍കുന്നതിലൂടെ മാത്രമാണ് തൊഴിലിടങ്ങളില്‍ സ്ഥിരമായ ലാഭമുണ്ടാകുകയുള്ളൂവെന്ന് മറ്റൊരു വാദം.
മൂര്‍ത്തിയുടെ പുതിയ വാദത്തിനെതിരെ വലിയ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മണിപാല്‍ ആശുപത്രിയിലെ ആരോഗ്യവിദഗ്ധന്‍ ഡോക്ടര്‍ പ്രദീപ് നാരായണ്‍ സാഹൂ. ’72 മണിക്കൂര്‍ ജോലി ചെയ്യാന്‍ സാധിക്കുമെങ്കില്‍ വലിയ കാര്യം തന്നെയാണത്. എന്നാല്‍, ഇത് നിങ്ങള്‍ പോലുമറിയാതെ നിങ്ങളെ ദുര്‍ബലനാക്കും. ആഴ്ചകള്‍തോറും നീണ്ട ജോലിസമയം വിട്ടുമാറാത്ത സമ്മര്‍ദങ്ങളിലേക്ക് നിങ്ങളെ തള്ളിവിടും. കൂടാതെ, ക്ഷീണം, ഉത്കണ്ഠ, അസ്വസ്ഥത, ഉറക്കമില്ലായ്മ തുടങ്ങിയവയിലേക്കും കൊണ്ടെത്തിക്കും.’ ഡോക്ടര്‍ പറഞ്ഞു.


