പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാൻ എൻഡിആർഎഫിന്റെ ആദ്യ സംഘം സന്നിധാനത്ത് എത്തി.
തൃശൂരില്‍ നിന്നുള്ള 35 അംഗ സംഘമാണ് എത്തിയത്. ചെന്നൈയിൽ നിന്നുള്ള എൻഡിആർഎഫിന്റെ രണ്ടാം സംഘവും സന്നിധാനത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
ശബരിമലയില്‍ ഇന്ന് തിരക്ക് നിയന്ത്രണവിധേയം. കഴിഞ്ഞ ദിവസത്തെ വന്‍ തിരക്ക് പരിഗണിച്ച് ഇന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വരികയാണ്. സ്പോട്ട് ബുക്കിംഗിന് ഇന്നുമുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം തത്സമയ ബുക്കിംഗ് 20,000 പേര്‍ക്ക് മാത്രമായി നിജപ്പെടുത്തി. കൂടുതലായി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അടുത്തദിവസം ദര്‍ശനത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും.നിലവില്‍ നിലയ്ക്കലില്‍ വാഹനം തടഞ്ഞ് പരിശോധിച്ച് വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത ഭക്തരെ മാത്രമാണ് പമ്പയിലേക്ക് കടത്തിവിടുന്നത്. ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി എന്‍ഡിആര്‍എഫിന്റെ ആദ്യസംഘം സന്നിധാനത്തെത്തി. പുലര്‍ച്ചയോടെയാണ് സംഘം ശബരിമലയിലെത്തിയത്. രണ്ടാം സംഘവും സന്നിധാനത്തേക്ക് പുറപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയില്‍ നിന്നുള്ള ഈ സംഘം രാത്രിയോടെ പമ്പയില്‍ എത്തും. ചെന്നൈയില്‍നിന്ന് നാല്പതംഗ സംഘമാണ് എത്തുന്നത്.


