ഡല്‍ഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നില്‍ ഉമര്‍ മുഹമ്മദ് എന്ന് സൂചന. ഇയാള്‍ക്ക് ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഫരീദാബാദില്‍ അറസ്റ്റിലായ ഡോ. മുസമിലിലുമായും ഡോ. ആദിലുമായും ഉമറിനു ബന്ധമുണ്ടെന്നാണ് വിവരം. കാര്‍ ഓടിച്ചിരുന്നത് ഉമര്‍ ആണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. താരിഖ് എന്നയാളില്‍ നിന്നാണ് ഉമര്‍ കാര്‍ വാങ്ങിയതെന്നും സൂചനയുണ്ട്. കറുത്ത മാസ്കിട്ടയാള്‍ റെഡ് ഫോര്‍ട്ടിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
കാറിന്റെ നിലവിലെ ഉടമ പുൽവാമ സ്വദേശി എന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പൊട്ടിത്തെറിച്ച കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്ന് മണിക്കൂർ നിർത്തിയിട്ടതായും തിരക്കേറിയ സ്ഥലത്ത് സ്ഫോടനം നടത്താനായിരുന്നു പദ്ധതിയെന്നും വിവരം. മാർക്കറ്റിന് സമീപത്തേക്ക് കാർ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടത് ട്രാഫിക്ക് സിഗ്നൽ കാരണം വണ്ടി നിർത്തേണ്ടി വന്നതോടെ എന്ന് പൊലീസ് നിഗമനം.
അതേസമയം, സാമ്പിളുകളുടെ പരിശോധനയ്ക്കു ശേഷം മാത്രമേ എന്താണ് സ്ഫോടന കാരണമെന്ന് മനസിലാകു എന്നതാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. സ്ഫോടനത്തിൽ ഇതുവരെ എട്ടുപേർക്കാണ് ജീവൻ നഷ്ടമായത്. 20ലധികം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഫോടനത്തിൽ കാറുടമയെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. പൊട്ടിത്തെറിച്ച ഹ്യുണ്ടായി ഐ20 കാറിൻ്റെ ഉടമയായ സൽമാൻ എന്നയാളാണ് കസ്റ്റഡിയിലുള്ളത്. താൻ മറ്റൊരാൾക്ക് വിറ്റ വാഹനമാണ് പൊട്ടിത്തെറിച്ചതെന്നാണ് ഇയാളുടെ മൊഴി.


