തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കില്ലെന്നും പിഎം ശ്രീ പദ്ധതിയുടെ ഫണ്ട് വാങ്ങിയാൽ അത് നടപ്പാക്കേണ്ടിവരുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള കുറുക്കുവഴിയാണ് പിഎം ശ്രീയെന്നും ബിനോയ് വിശ്വം പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് കാവിവൽക്കരണം നടത്താനുള്ള കുറുക്കുവഴിയാണ് പിഎം ശ്രീ.പദ്ധതി നടപ്പിലാക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്ന NEP വിഷയത്തിൽ സിപിഐക്കും സിപിഎമ്മിനും ഒരേ നിലപാടെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്ലാ ഇടതുപക്ഷ പ്രസ്ഥാനങ്ങളും മതേതരബോധമുള്ള മനുഷ്യരും പദ്ധതിയെ എതിര്‍ക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
മന്ത്രിസഭാ യോഗത്തിൽ ചർച്ച വന്നാൽ ശക്തമായി എതിർക്കാനാണ് ധാരണ. ഇന്നത്തെ അജൻഡയിൽ വിഷയമില്ലെന്നാണ് വിവരം. മുന്നണിയിൽ ചർച്ച നടത്താതെ സിപിഎം ഏകപക്ഷീയമായി തീരുമാനമെടുത്തതിൽ സിപിഐയ്ക്ക് അമര്‍ഷമുണ്ട്. ഫണ്ടാണ് പ്രധാനമെന്നും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്നുമാണ് വിദ്യാഭ്യാസ മന്ത്രി ആവര്‍ത്തിക്കുന്നത്. വിഷയത്തിൽ എൽഡിഎഫ് യോഗംനടത്തുന്നതിലും അനിശ്ചിതത്വമുണ്ട്.