കോട്ടയം: ആർഎസ്എസ് ശാഖയിൽ ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്തതിൽ പ്രതിഷേധം മുറുകുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകൾ പൊലീസിൽ പരാതി നൽകി. കോട്ടയം തമ്പലക്കാട് സ്വദേശി അനന്തു അജി (24)യാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് അനന്തുവിനെ തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ആത്മഹത്യക്കുറിപ്പ് ലഭിച്ചു. കുട്ടിക്കാലത്ത് വീടിനു സമീപത്തെ ആര്‍എസ്എസ് ശാഖയില്‍ വച്ച് നിരന്തരമായി ലൈംഗിക ചൂഷണം നേരിട്ടെന്നായിരുന്നു കുറിപ്പില്‍ പറഞ്ഞിരുന്നത്. അനന്തുവിന്റെ ആരോപണം ഗുരുതരമാണെന്നും സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും പ്രിയങ്ക ഗാന്ധി എംപി ആവശ്യപ്പെട്ടിരുന്നു.
അനന്തുവിന്റെ മരണം അന്വേഷിക്കുന്ന തമ്പാനൂർ പൊലീസ് കാഞ്ഞിരപ്പള്ളി തമ്പലക്കാട് ഉള്ള വീട്ടിലെത്തി അനന്തുവിന്റെ അമ്മയുടെയും സഹോദരിയുടെയും മൊഴി രേഖപ്പെടുത്തി. പ്രദേശത്തെ ചില നാട്ടുകാരിൽ നിന്നും പൊലീസ് വിശദാംശങ്ങൾ തേടിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്ന ലൈംഗീക ചൂഷണം നടന്നത് വർഷങ്ങൾ മുമ്പാണ്. അനന്തുവിന്റെ കുറിപ്പിൽ ആരുടേയും പേര് പറയാത്തതും അന്വേഷണത്തിന് പ്രതിസന്ധിയാണ്.