ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. ബീഹാറിലെ ബിരുദധാരികളായ തൊഴിൽ രഹിതർക്ക് പ്രതിമാസം ആയിരം രൂപ നൽകുമെന്ന് പ്രഖ്യാപനം.
20-25നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർക്കും ആയിരം രൂപ നൽകും. രണ്ട് വർഷത്തേക്കാകും ഇവർക്ക് സഹായം നൽകുക.
കൂടാതെ ബീഹാർ സ്റ്റുഡൻ്റ് ക്രെഡിറ്റ് കാർഡ് സ്കീം പ്രകാരമുള്ള വായ്പകൾ പൂർണ്ണമായും പലിശരഹിതമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. പദ്ധതി പ്രകാരം, വിദ്യാർത്ഥികൾക്ക് 4 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ എടുക്കാം. ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമേകുകയാണ് മുഖ്യമന്ത്രിയുടെ പുതിയ പദ്ധതി.മുൻപ് ജനറൽ കാറ്റഗരിക്കാർ നാല് ശതമാനം പലിശയായിരുന്നു നൽകേണ്ടിയിരുന്നത്. സ്ത്രീകൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾ എന്നിവർ ഒരു ശതമാനം പലിശയും നൽകിയിരുന്നു. എന്നാൽ പുതുക്കിയ പദ്ധതിയിൽ എല്ലാ വിഭാഗക്കാർക്കും പലിശ നിരക്ക് പൂജ്യമായി കുറച്ചു.
സർക്കാർ തിരിച്ചടവും എളുപ്പമാക്കിയിട്ടുണ്ട്. 2 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് തിരിച്ചടവ് സമയം 5 വർഷത്തിൽ നിന്ന് 7 വർഷമായി നീട്ടി. 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകളിൽ വിദ്യാർത്ഥികൾക്ക് മുമ്പത്തെ 7 വർഷത്തിന് പകരം ഇപ്പോൾ 10 വർഷം തിരിച്ചടയ്ക്കാൻ സമയം ലഭിക്കും. സാമ്പത്തിക പ്രതിസന്ധി കാരണം ബീഹാറിലെ വിദ്യാർത്തികൾക്ക് ഉന്നത വിദ്യാഭ്യാസം നഷ്ടമാകാതിരാക്കാനാണ് ശ്രമിക്കുന്നത് എന്ന് നിതീഷ് കുമാർ പറഞ്ഞു.
അതേസമയം ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഒക്ടോബർ ആദ്യ വാരത്തോടെ പ്രഖ്യാപിക്കുമെന്നാണ് സൂചന. നവംബർ ആദ്യ വാരം വോട്ടെടുപ്പ് നടത്താനാണ് ആലോചന. മൂന്ന് ഘട്ടങ്ങളിലായിട്ടാകും വോട്ടെടുപ്പ്
നടത്തുക. തെരഞ്ഞെടുപ്പിന്റെ കരട് മാർഗനിർദേശം തയാറായതായാണ് സൂചന. പ്രഖ്യാപനത്തിന് മുൻപേ അന്തിമ വോട്ടർ പട്ടികയും പ്രസിദ്ധീകരിച്ചേക്കും.വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ പുറത്തായ 65 ലക്ഷം പേർക്കും ആക്ഷേപം ഉന്നയിക്കാനുള്ള സമയപരിധി ഈ മാസം അവസാനിക്കും.