മൂവാറ്റുപുഴ: ഓണനാളുകള്‍ സമൃദ്ധം ആക്കുന്നതിന് കോണ്‍ഗ്രസ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 1000 കുടുംബങ്ങള്‍ക്ക് തിരുവോണ സ്നേഹ കിറ്റുകള്‍ വിതരണം ചെയ്യും
സമൂഹത്തില്‍ താഴെതട്ടിലുള്ള കുടുംബങ്ങള്‍ക്ക് കൈത്താങ്ങ് എന്ന നിലയിലാണ് ഭക്ഷ്യ ധാന്യങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്യുന്നതെന്ന് നഗരസഭ ചെയര്മാന് പി.പി. എല്‍ദോസും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എ. അബ്ദുള്‍ സലാമും പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും ഉയര്‍ത്തി പിടിക്കണമെന്ന കെ.പി.സി.സി.യുടെ ആഹ്വാനം പരിഗണിച്ചാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നതെന്നും ഇരുവരും വ്യക്തമാക്കി. രോഗബാധിത കുടുംബങ്ങള്‍, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്, വിധവകള്‍ വികലാംഗര്‍, ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ പിടിപെട്ടിട്ടുള്ള ആളുകള്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ എന്നിങ്ങനെ കക്ഷി രാഷ്ട്രീയത്തിന് അതീതമായാവും കിറ്റ് വിതരണം.
10 കിലോ അരി, ഒരു കിലോ വീതം ചെറുപയര്‍, ഉഴുന്ന്, കടല, പഞ്ചസാര, എണ്ണ, ഉപ്പ് എന്നിവയും 200 ഗ്രാം വീതം മുളക്, മഞ്ഞള്‍ പൊടികളും ഒരു പായ്ക്കറ്റ് സാമ്പാര്‍ പൗഡറും ആകും കിറ്റില്‍ ഉണ്ടാകുക. മൂവാറ്റുപുഴ നഗരസഭ പരിധിയിലെ 28 വാര്‍ഡുകളില്‍ നിന്നുള്ള വരെയാണ് പരിഗണിക്കുന്നത്. 18 ന് രാവിലെ പത്തിന് മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. മാത്യു കുഴല്നാടന് എം. എല്‍ എ കിറ്റ് വിതരണ ഉദ്ഘാടനം നിര്‍വഹിക്കും. നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ്, വൈസ് ചെയര്‍പഴ്സണ്‍ സിനി ബിജു, കെ.പി.സി.സി. സെക്രട്ടറി കെ.എം. സലിം, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍, മണ്ഡലം പ്രസിഡന്റ് കെ.എം. അബ്ദുള്‍ സലാം തുടങ്ങി കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ പ്രസംഗിക്കും.


