അനാഥാലയത്തിൽ വെച്ച് മരണപ്പെട്ട വയോധികന്റെ മൃതദേഹം സ്വന്തം വീട്ടുമുറ്റത്ത് മണിക്കൂറുകളോളം മകനെ കാത്തുകിടന്നു. തൃശൂർ കൈപ്പിള്ളി സ്വദേശിയായ പ്ലാക്കൻ തോമസിന്റെ (66) മൃതദേഹത്തോടാണ് സ്വന്തം മകൻ ക്രൂരമായ സമീപനം സ്വീകരിച്ചത്. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ മകൻ വീട് പൂട്ടി സ്ഥലം വിട്ടതാണ് ഈ ദാരുണാവസ്ഥയിലേക്ക് നയിച്ചത്. പിന്നീട് നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്കരിക്കുകയായിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് തോമസിനും ഭാര്യ റോസിലിക്കും നേരെ മകന്റെയും മരുമകളുടെയും ക്രൂരമായ മർദ്ദനമുണ്ടായത്. ഈ സംഭവം സംബന്ധിച്ച് അന്തിക്കാട് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള നടപടികളുടെ ഭാഗമായി നാട്ടുകാരുടെ സഹായത്തോടെ സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ ഇടപെടുകയും തോമസിനെയും ഭാര്യയെയും മണലൂരിലെയും കാരമുക്കിലെയും അനാഥാലയങ്ങളിലേക്ക് മാറ്റുകയുമായിരുന്നു.


