മൂവാറ്റുപുഴ∙ പുതിയ തലമുറയ്ക്ക് നമ്മള് പഠിപ്പിച്ചു കൊടുക്കേണ്ട പാഠങ്ങള്‍ കേവലം പാഠപുസ്തകങ്ങളിലെ വരികളില്‍ നിന്ന് മാത്രമല്ലെന്നും നമുക്കു ചുറ്റുമുള്ള നന്മയുടെ മാതൃകകളെ കൂടി അവരുടെ ജീവിതത്തൽ പകർത്താൻ കഴിയണമെന്നും മന്ത്രി കെ. രാജൻ. സബൈന്‍ ആശുപത്രിയും അതിഥി ചാരിറ്റബിള്‍ സൊസൈറ്റിയും 9 കുടുംബങ്ങള്‍ക്ക് സൗജന്യമായി നല്കുന്ന വീടിന്റെ താക്കോല്‍ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തന്റെ കര്‍മ്മം ഏറ്റവും സൂക്ഷ്മതയോടെ നിറവേറ്റുകയും പ്രത്യാശയുടെ പുത്തന്‍ വെളിച്ചം എത്തിക്കുകയും ചെയ്യുന്നതിനൊപ്പം സമൂഹത്തിന്റെ തുടിപ്പുകൾ നേരിട്ടറിഞ്ഞ് സമൂഹ സേവനത്തിൽ സജീവമായി ഇടപെടുന്നയാളാണ് ഡോ. സബൈനെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മാത്യു കുഴല്നാടന് എംഎല്‍എ അധ്യക്ഷനായി.
ആശുപത്രി എംഡി ഡോ. എസ്. സബൈന്‍, ഡീന്‍ കുര്യാക്കോസ് എംപി, എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ, മുന്‍ എംഎല്‍എമാരായ ജോസഫ് വാഴയ്ക്കന്, ബാബു പോള്‍, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് എം.എസ് അലിയാർ , മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ബഷീര്‍, എ.പി മിഷന് ഹോസ്പിറ്റല്‍ ചെയര്മാന് പി.ആര്. മുരളീധരന്, ബിജെപി എറണാകുളം ഈസ്റ്റ് ജില്ല ജനറല്‍ സെക്രട്ടറി അരുണ്‍ പി. മോഹന്‍, സിപിഎം ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം റിയാസ് ഖാൻ, പഞ്ചായത്ത് അംഗം നെജി ഷാനവാസ്, ആശുപത്രി സിഇഒ ഡോ. സാന്റി സാജന്, ജനറല്‍ മാനേജര്‍ ഡെയ്സി റോയി എന്നിവര്‍ പ്രസംഗിച്ചു.
2.35 കോടി ചെലവഴിച്ച് 35 സെന്റ് സ്ഥലത്ത് ഒരേ മാതൃകയിലുള്ള ഒമ്പത് വീടുകളാണ് നിര്‍മിച്ചിരിക്കുന്നത്. 550 ചതുരശ്ര അടി വലിപ്പത്തില്‍ നിര്‍മ്മിച്ചിരുക്കുന്ന വീടുകളില്‍ രണ്ട് അറ്റാച്ഡ് ബെഡ്റൂമുകള്‍, അടുക്കള, സ്വീകരണ മുറി എന്നിവയും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.