കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി സിനിമ ബന്ധമുള്ള യൂട്യൂബറും സുഹൃത്തും പിടിയില്‍. കോഴിക്കോട് സ്വദേശിനി റിന്‍സി, സുഹൃത്ത് യാസര്‍ അറാഫത്ത് എന്നിവരാണ് പിടിയിലായത്. കൊച്ചി കാക്കനാടിന് സമീപം പാലച്ചുവടുള്ള ഫ്ളാറ്റില്‍ നിന്നാണ് റിന്‍സിയേയും സുഹൃത്തിനേയും പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 20.55 ഗ്രാം വരുന്ന എംഡിഎംഎ പിടിച്ചെടുത്തു. ഇരുവര്‍ക്കുമെതിരെ ലഹരിമരുന്ന് കൈവശംവെച്ചതിന് പൊലീസ് കേസെടുത്തു.
സിനിമയുടെ പ്രൊമോഷന് വര്‍ക്കുകള്‍ ഏറ്റെടുത്ത് ചെയ്തിരുന്നവരാണ് ഇരുവരും. ഒബ്സ്ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്സ് എന്ന സ്ഥാപനത്തിലായിരുന്നു ഇവര്‍ ജോലി ചെയ്തുവന്നിരുന്നത്. റിൻസിയേയും സുഹൃത്തിനേയും തൃക്കാക്കര പോലീസ് വിശദമായി ചോദ്യംചെയ്യുകയാണ്.
കൊച്ചിയിലെ ചില യൂട്യൂബേഴ്സ് സിനിമ മേഖലയിൽ രാസലഹരി വില്പന നടത്തുന്നു എന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് പോലീസ് വ്യാപകമായി പരിശോധനകൾ തുടങ്ങിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി റിൻസി നിരീക്ഷണത്തിൽ ആയിരുന്നു.