മൂവാറ്റുപുഴ: കേന്ദ്രസർക്കാരിന്റെ തെറ്റായ നയസമീപനങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും നടത്തിയ 24 മണിക്കൂർ ദേശീയ പണിമുടക്ക് മൂവാറ്റുപുഴയിൽ പൂർണ്ണമായിരുന്നു. സ്വകാര്യ ബസുകൾ, ഓട്ടോ, ടാക്സി തുടങ്ങിയവ ഓടിയില്ല.കടകളും വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിച്ചില്ല. മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിലെ സർക്കാർ ഓഫീസുകളിലും മറ്റ് പഞ്ചായത്ത് കേന്ദ്രങ്ങളിലെ ഓഫീസുകളിലും ജീവനക്കാരെത്തിയില്ല. കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ നിന്ന് ബസുകൾ ഓടിയില്ല.
പണിമുടക്കിയ തൊഴിലാളികൾ, സർക്കാർ ജീവനക്കാരും മൂവാറ്റുപുഴ നഗരത്തിൽ റാലി നടത്തി. യൂണിയനുകളുടെ സമരസമിതി നേതൃത്വത്തിൽ ഇഇസി മാർക്കറ്റ് ജംഗ്ഷന് സമീപത്ത് നിന്ന് തുടങ്ങിയ റാലിയിൽ എല്ലാ വിഭാഗം തൊഴിലാളികളും പങ്കെടുത്തു. റാലി നഗരം ചുറ്റി പി ഒ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പൊതുയോഗം എഐടിയുസി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം ബാബു പോൾ ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ പ്രസിഡന്റ് എം എ സഹീർ അധ്യക്ഷനായി.
സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു, എഐടിയുസി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം കെ എ നവാസ്, സിഐടിയു ഏരിയ സെക്രട്ടറി സി കെ സോമൻ, എം ആർ പ്രഭാകരൻ, കെ മോഹനൻ, കെ ജി അനിൽകുമാർ, എം വി സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.