മൂവാറ്റുപുഴ: ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനായി മാത്യു കുഴല്നാടന് എം.എല്‍.എ ആരംഭിച്ച ‘വിദ്യാസ്പര്‍ശം കുഴല്നാടന്സ് മെറിറ്റ് അവാര്‍ഡ് 2025’ ഞായറാഴ്ച ആവോലി, പാലക്കുഴ പഞ്ചായത്തുകളില്‍ നടന്ന ചടങ്ങുകളോടെ തുടക്കം കുറിച്ചു.
10വേ, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവര്‍ക്ക് നല്കുന്ന ഈ അവാര്‍ഡ്, പഞ്ചായത്ത് അടിസ്ഥാനത്തിലായാണ് സംഘടിപ്പിക്കുന്നത്. ആറ് ദിവസങ്ങളിലായി ഓരോ ദിവസവും രണ്ട് പഞ്ചായത്തില്‍ വീതമായാണ് വിദ്യാസ്പര്‍ശം നടന്നുകൊണ്ടിരിക്കുന്നത്. ആവോലി പഞ്ചായത്തില്‍ 96 പ്രതിഭകളും, പാലക്കുഴ പഞ്ചായത്തില്‍ 34 പ്രതിഭകളും, അവരുടെ രക്ഷിതാക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.
വിദ്യാര്‍ത്ഥികള്‍ ഇന്ന് കൈവരിച്ചിരിക്കുന്ന ഈ വിജയം അവര്‍ക്കു മാത്രം അവകാശപ്പെട്ടതല്ലെന്നും അതിന്റെ ഒരു പങ്ക് പല ബുദ്ധിമുട്ടുകളും, ത്യാഗങ്ങളും സഹിച്ച് അവരെ ഇതിന് പ്രാപ്തരാക്കിയ രക്ഷകര്‍ത്താക്കള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്നും തന്റെ പ്രസംഗത്തിനിടെ വിദ്യാര്‍ഥികളോട് എം.എല്‍.എ പറഞ്ഞു. കുട്ടികളുടെ നേട്ടങ്ങള്‍ പൊതുതലത്തില്‍ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനോടൊപ്പം മാതാപിതാക്കള്‍ക്ക് കൂടി ആ നേട്ടങ്ങളില്‍ പങ്കെടുക്കാനും, മക്കള്‍ പൊതു വേദിയില്‍ ആദരിക്കപ്പെടുന്നത് അഭിമാനത്തോടെ കാണുന്നതിനും വേണ്ടിയാണ് മെറിറ്റ് അവാര്‍ഡ് പഞ്ചായത്ത് തലത്തില്‍ ക്രമീകരിച്ചിരിക്കുന്നത് എന്നും എംഎല്‍എ പറഞ്ഞു..
മഞ്ഞള്ളൂര്‍, വാളകം പഞ്ചായത്തിലാണ് ഇന്ന് മെറിറ്റ് അവാര്‍ഡ് നടക്കുന്നത്. പന്ത്രണ്ടാം തീയതി പോത്താനിക്കാട് പായിപ്ര പഞ്ചായത്തുകളിലും, പതിമൂന്നാം തീയതി ആലപ്പുഴ മാറാടി പഞ്ചായത്തുകളിലും, പതിനാലാം തീയതി പൈങ്ങോട്ടൂര്‍ കലൂര്‍ക്കാട് പഞ്ചായത്തുകളിലും, പത്തൊമ്പതാം തീയതി ആയവന പഞ്ചായത്തിലും മൂവാറ്റുപുഴ മുന്സിപ്പാലിറ്റിയിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്..
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സ് സധ്യക്ഷത വഹിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ജോസ് സ്വാഗതം പറഞ്ഞു. മുതിര്‍ന്ന നേതാവായ കെഎം പരിത്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ബിന്ദു ജോര്‍ജ്, പഞ്ചായത്ത് മെമ്പര്‍മാരായ സൗമ്യ ഫ്രാന്‍സിസ്, ജോര്‍ജ് തേക്കുമ്പുറം, ഷഫാന് വിഎസ് അഷറഫ്തു മൊയ്ദീന്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു പരീക്കന്‍, കെ. പി മുഹമ്മദ്, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.