മൂവാറ്റുപുഴ : നിര്‍ധനരായ ഒമ്പത് കുടുംബങ്ങളുടെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി സബൈന്‍ ഹോസ്പിറ്റല്‍സും അതിഥി ചാരിറ്റബിള്‍ സൊസൈറ്റിയും. ഡോ. സബൈന്റെ പിതാവ് പി.എന്‍. ശിവദാസന്റെ പതിനെട്ടാം ചരമ വാര്‍ഷികത്തിലാണ് ഒമ്പത് കുടുംബങ്ങള്‍ക്ക് വീട് നല്‍കുന്നത്. പ്രസവം, സിസേറിയന് എന്നിവ കുറഞ്ഞ നിരക്കില്‍ മരുന്നുകളടക്കം ലഭ്യമാക്കാനുള്ള പദ്ധതിക്കും ഇതോടൊപ്പം തുടക്കമാകും. ആരോഗ്യ സുരക്ഷയുടെ ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആശുപത്രിയുടെ ഗവേഷണ വിപുലീകരണ പദ്ധതികളും തുടര്‍ന്നുണ്ടാകുമെന്നും ഡോ. സബൈന്‍ പറഞ്ഞു.
അതിഥി ഹോംസ് എന്ന പേരിലാണ് 2.35 കോടി ചെലവഴിച്ച് 35 സെന്റ് സ്ഥലത്ത് ഒരേ മാതൃകയിലുള്ള ഒമ്പത് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. 550 ചതുരശ്ര അടി വലിപ്പത്തില്‍ നിര്‍മ്മിച്ചിരുക്കുന്ന വീടുകളില്‍ രണ്ട് അറ്റാച്ഡ് ബെഡ്റൂമുകള്‍, അടുക്കള, സ്വീകരണ മുറി എന്നിവയും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 3.5 സെന്റിലാണ് ഓരോ വീടും. ഇത് വില്‍ക്കാനോ പണയപ്പെടുത്താനോ ആവില്ല. അടുത്ത തലമുറക്ക് കൈമാറാവുന്ന തരത്തിലാണ് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തീകരിക്കുക.
പായിപ്ര പഞ്ചായത്തിലും സമീപ പ്രദേശങ്ങളില്‍ നിന്നുള്ള 100 അപേക്ഷകരില്‍ നിന്ന് ഏറ്റവും അര്‍ഹരായവരെ കണ്ടെത്താന്‍ പ്രത്യേകം കമ്മറ്റി രൂപവത്കരിച്ചിരുന്നു. ഇവരാണ് വീടുനല്കേണ്ടവരെ നിശ്ചയിച്ചത്. നൂറ് വീടുകളാണ് സൗജന്യമായി കൊടുക്കുവാന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്നും ഇതിന്റെ ആദ്യഘട്ടമാണ് ഒമ്പത് വീടുകള്‍ നല്‍കുന്നതെന്നും ഡോ. സബൈന്‍ ശിവദാസ് പറഞ്ഞു. രണ്ടാം ഘട്ടം താമസിയാതെ തുടങ്ങുമെന്നും ഡോ. സബൈന്‍ പറഞ്ഞു. മലപ്പുറം താനൂരിലും തിരുവനന്തപുരത്തും ഇപ്പോള്‍ സബൈന്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നുണ്ട്.
മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സബൈന്‍ ആശുപത്രി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ വീടുകളുടെ താക്കോല്‍ സമര്‍പ്പണം ജൂലൈ 13ന് വൈകുന്നേരം ആറിന് മന്ത്രി കെ. രാജന് നിര്‍വഹിക്കും. മാത്യു കുഴല്നാടന് എംഎല്‍എ അധ്യക്ഷനാകും. ഡീന്‍ കുര്യാക്കോസ് എംപി, എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സെയ്ദ് സാദിക്കലി ഷിഹാബ് തങ്ങള്‍, മുന്‍ എം.എല്‍.എമാരായ എല്‍ദോ എബ്രഹാം, ജോസഫ് വാഴക്കന്, ബാബു പോള്‍, ജോണി നെല്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
അതിഥി ചാരിറ്റബിള്‍ സൊസൈറ്റി അംഗവും ഭവന പദ്ധതി ചെയര്‍മാനുമായ പി.എ. ബഷീര്‍, സബൈന്‍ ഹോസ്പിറ്റല്‍ സിഇഒ സാന്റി സാജന്, മാര്‍ക്കറ്റിംഗ് വിഭാഗം ജനറല്‍ മാനേജര്‍ ജെ. പ്രദീഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.