കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിന്റെ അസാധാരണ നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ കെ എസ് അനിൽകുമാർ. ഗവർണറെ അപമാനിച്ചിട്ടില്ല. ഗവർണർ വേദിയിൽ ഇരിക്കുമ്പോൾ അല്ല പരിപാടി റദ്ദാക്കിയ വിവരം അറിയിച്ചിരുന്നത്. അതിന് മുൻപ് താൻ അറിയിപ്പ് നൽകിയിരുന്നു. പരിപാടി റദ്ദാക്കിയ വിവരം 5.45ന് അറിയിച്ചിരുന്നതാണ്. തനിക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യങ്ങളിൽ പറഞ്ഞതൊന്നും ശരിയല്ലെന്നും രജിസ്ട്രാർ കെ എസ് അനിൽകുമാർ ട്വന്റി ഫോറിനോട് പറഞ്ഞു.
കേരള സർവകലാശാല വി സി രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് എസ്എഫ്ഐ. വൈകുന്നേരം 7 മണിക്ക് രാജ്ഭവനിലക്ക് മാർച്ച് നടത്തുമെന്ന് എസ്എഫ്ഐ കൂട്ടിച്ചേർത്തു.
അതേസമയം, രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി തള്ളിക്കളയുകയാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ. രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ വി സിക്ക് അധികാരമില്ല. ഡെപ്യൂട്ടി രജിസ്ട്രാർക്ക് മുകളിലുള്ളവർക്കെതിരെ നടപടിയെടുക്കാൻ മാത്രമാണ് സിൻഡിക്കേറ്റിന് അധികാരം.
കേരള സർവകലാശാല രജിസ്ട്രാറായി അനിൽകുമാർ നാളെയും ഓഫീസിൽ എത്തും. വി സിയുടെ നടപടി സർവകലാശാല ചവറ്റുകൊട്ടയിൽ ഇടുമെന്നും അച്ചടക്ക നടപടി സ്വീകരിക്കാൻ വി സിക്ക് അധികാരമില്ലെന്നും ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം കേരള സർവകലാശാല സെനറ്റ് ഹാളിൽ ശ്രീ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചത് വിവാദമായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട സെക്യൂരിറ്റി ഓഫീസറും പിആർഒയും വിഷയം രജിസ്ട്രാറുടെ ശ്രദ്ധയിൽപ്പെടുത്തി. സെനറ്റ് ഹാളിലെത്തിയ രജിസ്ട്രാർ ചിത്രം എടുത്തുമാറ്റണമെന്നും അല്ലാത്ത പക്ഷം പരിപാടി നടത്താൻ അനുവദിക്കില്ലെന്നും പറഞ്ഞു. എന്നാൽ പരിപാടിയുമായി സംഘാടകർ മുന്നോട്ടുപോകുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകളായ എസ്എഫ്ഐയും കെഎസ്യുവും രംഗത്തെത്തി. സർവകലാശാലയുടെ പ്രധാന കവാടത്തിൽ പ്രവർത്തകർ പ്രതിഷേധിച്ചു. ഇതിനിടെ ഗവർണർ ഇവിടേയ്ക്ക് എത്തുകയും പൊലീസിന്റെ അകമ്പടിയോടെ സെനറ്റ് ഹാളിൽ പ്രവേശിക്കുകയും ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയുമായിരുന്നു.
സെനറ്റ് ഹാളിനുള്ളിൽ കയറി പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരും സംഘാടകരും തമ്മിൽ സംഘർഷം ഉണ്ടാകുകയും പ്രതിഷേധം തുടരുന്നതിനുമിടെ മറ്റൊരു വഴിയിലൂടെ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ പുറത്തേക്ക് പോകുകയായിരുന്നു.