ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള ഭക്ഷണം ഏറെ ആവശ്യമാണ്. അതുപോലെതന്നെ പ്രധാനമാണ് ആഹാരം കൃത്യസമയത്ത് കഴിക്കുക എന്നതും. രാത്രി ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ നമ്മളില്‍ അധികം ആളുകളും ഭക്ഷണം കഴിച്ച ഉടന്‍ തന്നെ കിടക്കയിലേക്ക് പോകുന്ന ശീലമുള്ളവരാണ്. ഈ ശീലം നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ശരീരത്തിന് ഉണ്ടാക്കുന്നത്. അമിതവണ്ണം, രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുക, ദഹനപ്രശ്നം, ഉറക്കക്കുറവ് എന്നിവയ്ക്ക് ഇത് കാരണമാകും.
എന്നാല്‍ രാത്രി വൈകിയും ഭക്ഷണം ആവശ്യമായി വരുന്ന ആളുകളും ഉണ്ട്. പ്രമേഹ രോഗികള്‍, അത്ലറ്റുകള് തുടങ്ങിയവരാണ് ഈ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നത്. ഇവര്‍ ലഘുവായ ഭക്ഷണം കഴിക്കുന്നത് ഭക്ഷണാസക്തിയെ നിയന്ത്രിക്കുന്നതിനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതാവസ്ഥയിലാക്കുന്നതിനും സഹായിക്കുമെന്നാണ് ഡയറ്റീഷ്യന്മാര് വ്യക്തമാക്കുന്നത്.
എന്തുകൊണ്ട് രാത്രി ഭക്ഷണം ആവശ്യമായി വരുന്നു? എന്തൊക്കെ ഭക്ഷണം ഉള്‍പ്പെടുത്താം?
പ്രമേഹമുള്ളവര്‍ രാത്രി ലഘുഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. ഇത് അവരുടെ രക്തത്തിലെ ഗ്ലൂക്കോസ് അളവ് കുറയുന്നത് തടയാന്‍ സഹായിക്കും.
അത്ലറ്റുകള് അല്ലെങ്കില്‍ ഉയര്‍ന്ന ഊര്‍ജ്ജം ആവശ്യമുള്ള ആളുകള്‍ ഉറങ്ങുന്നതിനു മുമ്പ് പ്രോട്ടീന്‍ കഴിക്കുന്നത് പേശികളുടെ ബലത്തിനും ആരോഗ്യത്തിനും ഗുണകരമാണ്.
രാത്രിയില്‍ പ്രോട്ടീനും ധാതുക്കളും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. ഇത് നഷ്ടപെട്ട പോഷകങ്ങള്‍ തിരിച്ചെടുക്കുകയും നല്ല ഉറക്കം ലഭ്യമാക്കുകയും ചെയ്യും. പ്രോട്ടീന്‍ അടങ്ങിയ വാള്‍നട്ട്, ബദാം, പിസ്ത തുടങ്ങിയ നട്സുകള്‍ പാലുല്പന്നങ്ങള്, പഴം, സോയാബീന്‍, എന്നിവയും കഴിക്കുന്നത് നല്ലതാണ്. കൃത്യമായ അളവില്‍ കഴിച്ചില്ലെങ്കില്‍ ഇവ ഉറക്കത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
പച്ചിലക്കറികള്‍, പരിപ്പ്, ഇഞ്ചി എന്നിവ അടങ്ങിയ ഭക്ഷണം രാത്രിയില്‍ കഴിക്കാവുന്നതാണ്.
കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ചോറ് ഒഴിവാക്കി പകരം ചപ്പാത്തി രാത്രിയിൽ ഉൾപ്പെടുത്താം.
ഉറങ്ങുന്നതിന് തൊട്ട് മുന്‍പ് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ;
*കാര്‍ബോഹൈഡ്രേറ്റ്സ് അടങ്ങിയ ബ്രെഡ്, പാസ്ത തുടങ്ങിയ ഭക്ഷ്യവസ്തുക്കളും കഫീന്‍ അടങ്ങിയതും ഉറക്കത്തെ ബാധിക്കുന്നതുമായ കാപ്പി, ചായ, എനര്‍ജി ഡ്രിങ്കുകള്‍, സോഡ, ചോക്ലേറ്റുകള്‍, എനര്‍ജി ബാറുകള്‍, എസ്പ്രസ്സോ ലഘുഭക്ഷണങ്ങള്‍, പാനീയങ്ങള്‍ എന്നിവ രാത്രിയില്‍ ഒഴിവാക്കണം.
*ഉറങ്ങുന്നതിന് മുന്‍പ് പഞ്ചസാര അടങ്ങിയ ഭക്ഷണം ഒഴിവാക്കേണ്ടതാണ്. വായില്‍ ബാക്ടീരിയയുടെ പ്രജനനം വര്‍ധിപ്പിക്കുന്നതും ഇനാമല്‍ നഷ്ട്ടപെടുന്നതും ഇതുവഴി ഒഴിവാക്കാം.