സംസ്ഥാനത്ത് ലഹരി വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ കടുത്ത തീരുമാനങ്ങളുമായി മഹല്ല് കമ്മറ്റികൾ. ലഹരി ഉപയോഗിക്കുന്നവരുടെ വിവാഹങ്ങൾക്ക് സഹകരിക്കില്ല.
ലഹരിക്കെതിരെ സംരക്ഷണ വലയം തീർക്കാൻ കോഴിക്കോട് പുതുപ്പാടിയിൽ ചേർന്ന മഹല്ല് കമ്മിറ്റികളിലാണ് തീരുമാനങ്ങൾ പുറപ്പെടുവിച്ചത്. പുതുപ്പാടി പഞ്ചായത്തിലെ സുന്നി- മുജാഹിദ് – ജമാഅത്തെ ഇസ്ലാമി പള്ളികളിലെ ഭാരവാഹികളാണ് യോഗം ചേർന്ന് ലഹരി ഉപയോഗിക്കുന്നവരെ മഹല്ലുകൾ ബഹിഷ്ക്കരിക്കാൻ തീരുമാനിച്ചത്. ഈങ്ങാപ്പുഴയിലെ ഷിബിലയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് കർശന നടപടികൾ.
മഹല്ല് കമ്മറ്റി തീരുമാനങ്ങൾ ഇങ്ങനെ
- വിവാഹം ലഹരി ഉപയോഗം ഇല്ലാത്തവരുമായി മാത്രമാക്കും
- പെൺകുട്ടികളുടെ സൗഹൃദങ്ങൾ അപകടം വിളിച്ചു വരുത്താതിരിക്കാൻ ബോധവൽകരണം നടത്തും
- ഫലപ്രദമായ പാരന്റിംഗ് എങ്ങനെ വേണമെന്ന് മഹല്ല് തലത്തിൽ പരിശീലനം നൽകും
- സമൂഹത്തെ വെല്ലുവിളിച്ച് ലഹരിയുമായി നടക്കുന്നവരെ മഹല്ലിൽ ബഹിഷ്കരിക്കും
- ലഹരിക്കെതിരെ മഹല്ല് തലത്തിൽ ബഹുജന കൂട്ടായ്മ രൂപീകരിക്കും
- മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ സർക്കാരും പൊലീസും നടത്തുന്ന നടപടികളോട് സർവ്വ തലത്തിലും സഹകരിക്കും
അതേസമയം, ലഹരിക്കടിമയായ യുവാക്കൾ കാരണം രണ്ട് കൊലപാതകങ്ങളാണ് ഈ അടുത്തിടെ പുതുപ്പാടി പഞ്ചായത്തിൽ നടന്നത്. കട്ടിപ്പാറ വേനക്കാവില്‍ ഉമ്മയെ കൊലപ്പെടുത്തിയ ഏകമകന് മുഹമ്മദ് ആഷിഖും പുതുപ്പാടി കക്കാട് നാക്കിലമ്പാട് ഭാര്യ ഷിബിലയെ വെട്ടിക്കൊന്ന യാസറും പുതുപ്പാടി സ്വദേശികളാണ്.

