മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സാണ് യൂസഫലിയുടെ ഏറ്റവും വലിയ മുഖമുദ്ര
ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി ഇന്ന് കാണുന്ന ബിസിനസ് ടൈക്കൂണ്‍ പരിവേഷത്തിലേക്ക് എത്തിയത് കഠിനപരിശ്രമവും സ്ഥിരപ്രയത്നവും കൊണ്ടാണ്. വ്യക്തി ജീവിതത്തില്‍ അദ്ദേഹം പിന്തുടരുന്ന ചില വ്യത്യസ്തങ്ങളായ ശീലങ്ങളാണ് യൂസഫലി എന്ന സംരംഭകന്റെ നട്ടെല്ല്. ബിസിനസ് ജീവിതത്തിലും വ്യക്തി ജീവിതത്തിലും അദ്ദേഹത്തെ നമ്പര്‍ വണ്‍ ആക്കുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്

പ്രാര്‍ത്ഥനയും യോഗയും
രാവിലെ ഉണര്‍ന്നാല്‍ സുബഹ് നമസ്കാരം നിര്‍ബന്ധമാണ്. അത് ലോകത്തെവിടെയായാലും അങ്ങനെയാണ്. പിന്നെ വ്യായാമം. ഒരു മണിക്കൂര്‍ യോഗ ചെയ്തിരിക്കും. മനസിനും ശരീരത്തിനും പോസറ്റിവ് എനര്‍ജി നല്കാന് യോഗയ്ക്ക് കഴിയും എന്നതിനാല്‍ എവിടെയായിരുന്നാലും ഇത് മുടക്കാറില്ല.

വേഷത്തിലെ ലാളിത്യം
ബിസിനസ് ആവശ്യങ്ങള്‍ക്കായി ഫോര്‍മല്‍ വസ്ത്രങ്ങള്‍ ധരിക്കുക പതിവാണെങ്കിലും മുണ്ടും ഷര്‍ട്ടുമാണ് എന്നും ഏറ്റവും ഇഷ്ടപ്പെട്ട വേഷം. ബിസിനസ് തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു നാട്ടിലെത്തിയാല്‍ മിക്കവാറും അതായിരിക്കും ധരിക്കുക. രാത്രിയില്‍ മുണ്ടും ജുബ്ബയും.
കൃത്യനിഷ്ഠ എന്ന ചര്യ
യൂസഫലിയുടെ ജീവിതത്തിന്റെ ഭാഗമാണ് കൃത്യനിഷ്ഠ. ജീവിതത്തില്‍ താന്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ക്കെല്ലാം ഒരുപരിധിവരെ കാരണം തന്റെ കൃത്യനിഷ്ഠയാണ് എന്ന് അദ്ദേഹം വിശ്വസിക്കുന്നു.

പരിശ്രമം, സത്യസന്ധത
പരിശ്രമം, സത്യസന്ധത തുടങ്ങിയ ജീവിതമൂല്യങ്ങള്‍ക്ക് ആണ് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.ബിസിനസിന്റെ എല്ലാ തലങ്ങളിലും അത് നടപ്പിലാക്കാനും ശ്രമിക്കുന്നു.
ഹോബികള്‍
ബിസിനസ് ജീവിതം ടെന്‍ഷന്‍ നിറഞ്ഞതാണ്. അതിനാല്‍ അതില്‍ നിന്നും മുക്തിനേടാന്‍ ഹോബികള്‍ മുറുകെ പിടിക്കുന്നു. വായനയും സിനിമ കാണലുമാണ് പ്രധാനപ്പെട്ട വിനോദങ്ങള്‍.
മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ്
മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സാണ് യൂസഫലിയുടെ ഏറ്റവും വലിയ മുഖമുദ്ര. ലോകത്ത് വിവിധ രാജ്യങ്ങളിലായി 50,000ത്തോളം പേര്‍ക്ക് ജോലി കൊടുക്കാന്‍ കഴിഞ്ഞത് ആ ആഗ്രഹം ഉള്ളില്‍ വച്ച് ബിസിനസ് നടത്തിയതിനാണ്. ഇനിയും കഴിയുന്നത്ര ആളുകള്‍ക്ക് ജോലി നല്‍കാനാണ് ആഗ്രഹം.


