ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടം. കോഴിക്കോട്ട് നാല് വീടുകളും പാലക്കാട് ധോണിയിൽ ഒരു വീടും മരം വീണ് തകർന്നു. ചുഴലിക്കാറ്റിൽ അകപ്പെട്ട കൊയിലാണ്ടി മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി കരയിലെത്തിച്ചു.
ശക്തമായ കാറ്റിൽ കോഴിക്കോട് പൊറ്റമ്മൽ ജില്ലയിൽ വ്യാപക നാശനഷ്ടം. കുതിരവട്ടം സ്വദേശി മോഹനൻ്റെ വീടാണ് പൂർണമായും തകർന്നത്. കുറ്റ്യാടി , നാദാപുരം മേഖലയിലും വലിയ നാശമാണ് ഉണ്ടായിട്ടുള്ളത്. പുഴ മൂലയ്ക്കൽ നാരായണന്റെ വീട് പൂർണമായും തകർന്നു. നാരായണന്റെ മകൾ സ്വപ്നയ്ക്ക് പരുക്കേറ്റു. താമരശ്ശേരി മേഖലയിലും അതിശക്തമായ കാറ്റാണ് വീശിയത്. മരങ്ങൾ പൊട്ടിവീണ് 2 വീടുകൾ ഭാഗികമായി തകർന്നു.


