ന്യൂഡല്‍ഹി: മുഖ്യമന്ത്രിസ്ഥാനത്തിനായി കോണ്‍ഗ്രസില്‍ തെരുവുയുദ്ധം. കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിന്റെ തൊട്ടടുത്ത് നില്ക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും മാത്രമല്ല, മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ജയിച്ച ഛത്തീസ്ഗഡിലും കടുത്ത ഭിന്നതായണ് നിലനില്‍ക്കുന്നത്.ഛത്തീസ്ഗഡില്‍ പിസിസി അധ്യക്ഷന്‍ ഭൂപേഷ് ബാഗെലിന്റെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത് പാര്‍ട്ടിക്ക് വലിയ നാണക്കേടായി. സംസഥാന നേതാക്കുടെ ചിത്രങ്ങള്‍പോലും പോസ്റ്ററില്‍ വെക്കാതെ രാഹുല്‍ഗാന്ധിയുടെ ചിത്രംവച്ചാണ് ഇവര്‍ തെരഞ്ഞെടുപ്പ് നേരിട്ടത്. അതുകൊണ്ടു തന്നെ പിസിസി അധ്യക്ഷന്‍ ഭൂപേഷ് ബാഗെലിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഐകകണ്ഠ്യേന അംഗീകരിക്കപ്പെടുമെന്നാണ് പൊതുവെ കുരുതിയിരുന്നത്. പക്ഷേ അവിടെയും ബാഗല് എതിരാളികള്‍ സംഘടിച്ച് പ്രതിഷേധിച്ചതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.
ഇഞ്ചോടിച്ച് പോരാട്ടത്തിലൂടെ പാര്‍ട്ടി നേടിയ മധ്യപ്രദേശിലും മുഖ്യമന്ത്രിയെ ചൊല്ലി കടുത്ത ഭിന്നതയാണ് നിലനില്‍ക്കുന്നത്. മുതിര്‍ന്ന നേതാവ് കമല്‍നാഥിനാണ് സാധ്യതയെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതോടെ, ഭോപ്പാലില്‍ ജ്യോതിരാദിത്യ സിന്ധ്യ അനുകൂലികള്‍ പ്രകടനം നടത്തി. നേരത്തെ തന്നെ ഗ്രൂപ്പിസം ശക്തമായിരുന്നു മധ്യപ്രദേശ് കോണ്‍ഗ്രസില്‍. ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെടുന്ന കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ, ദിഗ്വിജയ്സിങ്ങ് എന്നിവരാണ് ഇവിടെ പാര്‍ട്ടിയെ നിയന്ത്രിച്ചിരുന്നത്. നിലവില്‍ എംപി മാരായ ഈ മൂന്നുപേരും മുഖ്യമന്ത്രി സ്ഥാനത്തെചൊല്ലിയുള്ള തര്‍ക്കംമൂലം നിയമാസഭാതെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ രാഹുല്‍ ഗാന്ധി അനുവദിച്ചിരുന്നില്ല.

