അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഗന്ധം പെർഫ്യൂം ആക്കി വാങ്ങി അവതാരക ലക്ഷ്മി നക്ഷത്ര.കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെ ആഗ്രഹപ്രകാരമാണ് ലക്ഷ്മി നക്ഷത്ര ഇക്കാര്യം ചെയ്തത്. ദുബായ് മലയാളിയായ യൂസഫ് ആണ് സുധിയുടെ മണം പെർഫ്യൂമാക്കി മാറ്റി നല്‍കിയത്. പെർഫ്യൂം ഉണ്ടാക്കുന്നതിന്റെ ദൃശ്യങ്ങൾ യൂട്യൂബ് വിഡിയോയിലൂടെ ലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്.അപകട സമയത്ത് സുധി ധരിച്ചിരുന്ന വസ്ത്രങ്ങൾ രേണു സൂക്ഷിച്ച് വച്ചിരുന്നു.
അതേ സമയം അവതാരകയുടെ വിഡിയോയ്ക്കു നേരെ വലിയ വിമർശനവും സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്. കൊല്ലം സുധിയുടെ വീട്ടിലെ കാര്യങ്ങൾ മുതലെടുത്ത് സഹതാപം ഉണ്ടാക്കി ലക്ഷ്മി യൂട്യൂബ് ചാനലിന് റീച് ഉണ്ടാകുന്നുവെന്നാണ് ഭൂരിഭാഗം കമന്റുകളും.‘‘ഇങ്ങനെ ഒരാവശ്യം രേണു പറഞ്ഞപ്പോള്‍ പലരും പറഞ്ഞ പേരായിരുന്നു യൂസഫ് ഭായിയുടേത്. എന്തിന് ഇത് വിഡിയോ ആക്കി നാട്ടുകാരെ കാണിക്കണം, രഹസ്യമായി ചെയ്ത് രേണുവിനെ ഏല്പിച്ചാല് പോരെ എന്ന് ചോദിക്കുന്നവരോട്, നിങ്ങള്‍ പറഞ്ഞ ആളുടെ അടുത്ത് ഞാന്‍ എത്തി എന്ന് പറയാൻ കൂടിയായിരുന്നു ഈ വിഡിയോ. മാത്രമല്ല, ഇത് പോലെ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ വിഡിയോ ഒരു പ്രചോദനം ആകട്ടെ.’’– ലക്ഷ്മി നക്ഷത്ര വ്ലോഗിൽ പറഞ്ഞു.