പശ്ചിമബംഗാളിലെ ഡാർജിലിംഗിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 15 ആയി ഉയര്‍ന്നു. അപകടത്തില്‍ 60 പേര്‍ക്ക് പരിക്കേറ്റു. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. മരിച്ചവരിൽ രണ്ട് പേർ ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റുമാരും ഉൾപ്പെടുന്നു. കാഞ്ചൻജംഗ എക്സ്പ്രസിലെ ഗാർഡും അപകടത്തിൽ മരിച്ചു.രക്ഷാ പ്രവർത്തനം പൂർത്തിയായിയെന്നും ബോഗികള്‍ക്കിടയില്‍ കുടുങ്ങിയവരെ എല്ലാം ആശുപത്രിയില്‍ എത്തിച്ചുവെന്നും റെയിൽ ബോർഡ് ചെയർപേഴ്സൺ അറിയിച്ചു.
രംഗപാണി റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ത്രിപുരയിലെ അഗർത്തലയിൽനിന്ന് പശ്ചിമ ബംഗാളിലെ സെൽഡയിലേക്ക് സർവീസ് നടത്തുന്ന 13174 കാഞ്ചൻജംഗ എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ഗുഡ്സ് ട്രെയിൻ സിഗ്നൽ മറികടന്ന് പാസഞ്ചർ ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവും സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം സഹായധനം നല്‍കുമെന്നും, ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടര ലക്ഷവും ചെറിയ പരിക്കേറ്റവർക്ക് അന്‍പതിനായിരം രൂപ വീതം സഹായവും നല്‍കുമെന്ന് മന്ത്രി അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപതി മുർമു തുടങ്ങിയവർ അപകടത്തിൽ അനുശോചനം അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും അടിയന്തര സഹായം നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.


