ഹെറോയിനും കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമായി കൊച്ചിയില്‍ യുവതിയും യുവാവും അറസ്റ്റില്‍. അസം സ്വദേശിയായ യുവാവും ബംഗാള്‍ സ്വദേശിയായ യുവതിയുമാണ് എക്സൈസിന്റെ പിടിയിലായത്. ഇടപാടുകാർക്കിടയിലെ ബംഗാളി ബീവി എന്ന് വിളിപ്പേരുള്ള ഇവരുടെ യഥാർത്ഥ പേര് ടാനിയ പർവീൺ(18) എന്നാണ്. ബംഗാൾ നോവപാറ മാധവ്പൂർ സ്വദേശിനിയാണ്. നഗരത്തിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരുമെന്ന് എക്സൈസ് പറയുന്നു
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, എക്സൈസ് ഇന്റലിജൻസ്, എറണാകുളം സ്പെഷൽ സ്ക്വാഡ് എന്നിവർ ചേർന്നു നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്. ബഹറുളിന് 24 വയസും ടാനിയയ്ക്ക് പതിനെട്ടു വയസുമാണ് പ്രായം. ഇവരുടെ പക്കല്‍ നിന്ന് 33 ഗ്രാം ഹെറോയിനും 25 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ഇടപാടുകാരുമായി ബന്ധപ്പെടാൻ ഉപയോഗിച്ച 2 സ്മാർട്ട് ഫോണുകൾ, ലഹരിമരുന്നു വിറ്റു കിട്ടിയ 19,500 രൂപ, ലഹരിമരുന്ന് തൂക്കി തിട്ടപ്പെടുത്താനുള്ള ഡിജിറ്റൽ സ്കെയിൽ എന്നിവയും ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 100 മില്ലി ഗ്രാം ഹെറോയിന്‍ മൂവായിരം രൂപയ്ക്കാണ് വിറ്റിരുന്നത്. ഇരുവരില്‍ നിന്നുമായി പിടിച്ചെടുത്ത ലഹരി മരുന്നിന് വിപണിയില്‍ പത്തു ലക്ഷം രൂപ വിലവരും.


