വിവാഹം ഉറപ്പായും നടക്കുമെന്ന് പറഞ്ഞ് യുവാവിനെ കൊണ്ട് അംഗത്വമെടുത്തശേഷം വാഗ്ദാനം നിറവേറ്റാത്ത മാട്രിമോണിയല്‍ സൈറ്റിനെതിരെ ഉപഭോക്തൃകോടതി നടപടി. പറഞ്ഞ തുക അടച്ചിട്ടും വിവാഹം നടന്നില്ല. പിന്നീട് ഫോൺ കോളുകൾക്കും മറുപടിയില്ല.ഓഫീസില്‍ പോയി പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും യുവാവ് പരാതിയില്‍ പറയുന്നു.എന്നാല്‍ തങ്ങള്‍ ഇടനിലക്കാര്‍ മാത്രമാണ് സേവന കാലയളവില്‍ വിവാഹം ഉറപ്പുനല്‍കിയിരുന്നില്ലെന്നുമാണ് മാട്രിമോണി അധികൃതരുടെ വാദം.
സംഭവത്തിൽ വിവാഹ രജിസ്ട്രേഷൻ സൈറ്റ് അധികൃതർ യുവാവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷന്റെ ഉത്തരവ്. രജിസ്ട്രേഷന് ഇനത്തില്‍ ഈടാക്കിയ 4100 രൂപയും നഷ്ടപരിഹാരമായി 28,000 രൂപയും പരാതിക്കാരന് നല്കാന് കമ്മിഷന് ഉത്തരവിട്ടു. വിവാഹം നടക്കുമെന്ന തരത്തിൽ ആകർഷകമായ പരസ്യങ്ങൾ നൽകി ഉപഭോക്താക്കളെ ആകർഷിച്ച ശേഷം ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവാകുന്ന നടപടി അധാർമിക വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയും ആണെന്ന് കമ്മീഷൻ വിലയിരുത്തി.


