പ്രതിപക്ഷത്തെ എതിരാളികൾ കൂട്ടായി ഉയർത്തിയ വെല്ലുവിളി കഷ്ടിച്ച് മറികടന്നാണ് മൂന്നാം വട്ടം അധികാരമെന്ന റെക്കോഡ് നേട്ടം നരേന്ദ്രമോദി കൈവരിക്കുന്നത്.വൈകീട്ട് 7.15 ന് രാഷ്ട്രപതി ഭവൻ അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. നരേന്ദ്രമോദിയെ കൂടാതെ സഖ്യകക്ഷികളിൽ നിന്നടക്കം 30 ഓളം പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.അടിസ്ഥാന വർഗം പലയിടത്തും പ്രകടിപ്പിച്ച അതൃപ്തി മറികടന്ന് തന്റെ പ്രതിച്ഛായ പഴയ നിലയിലേക്ക് ഉയർത്തുക എന്ന വെല്ലുവിളിയാണ് നരേന്ദ്രമോദിയെ കാത്തിരിക്കുന്നത്.
ബിജെപിയുടെയും സഖ്യകക്ഷികളുടെയും പ്രധാന നേതാക്കൾക്ക് പുറമേ ആറ് രാഷ്ട്രനേതാക്കളും പങ്കെടുക്കും. പുതിയ പാർലമെന്റ് നിർമ്മാണത്തിൽ പങ്കാളികളായ തൊഴിലാളികൾ, വന്ദേ ഭാരത്, മെട്രോ എന്നിവയുടെ നിർമ്മാണത്തിൽ പങ്കാളികളായവര്ക്കും ക്ഷണമുണ്ട്.ഗുജറാത്തിൽ നിന്ന് 2014 ൽ മോദി ദില്ലിയിലേക്ക് എത്തിയത് ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടാക്കിയത് വലിയ മാറ്റമായിരുന്നു. പ്രധാനമന്ത്രി സ്ഥാനത്ത് ഒരു ദിവസത്തെ പോലും വിശ്രമമില്ലാത്ത നിരന്തര രാഷ്ട്രീയ നീക്കങ്ങളാണ് മോദിക്ക് മൂന്നാം ഊഴം സമ്മാനിച്ചിരിക്കുന്നത്. വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്ര മോദിക്ക് നിരവധി ലോക നേതാക്കളും പ്രമുഖരും ആശംസകൾ അറിയിച്ചു.യമൻ പ്രധാനമന്ത്രി അഹമ്മദ് ബിൻ മുബാറക്, ബെൽജിയം പ്രധാനമന്ത്രി അലക്സാണ്ടർ ഡിക്രൂ, അയർലൻഡ് പ്രധാനമന്ത്രി സൈമൺ ഹാരിസ്, സ്വിറ്റ്സർലൻഡ് പ്രസിഡണ്ട് വയോള അംഹെർഡ്, അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ തുടങ്ങിയ നിരവധി ലോകരാഷ്ട്ര നേതാക്കളും ടെസ്ല സിഇഒ എലോൺ മസ്കും ആശംസകൾ അറിയിച്ചു.


