തിരുവനന്തപുരം: തോറ്റാല്‍ ആ തോല്‍വിയുടെ ഉത്തരവാദിത്വം മുഴുവന്‍ ഞാനൊറ്റക്ക് ഏറ്റെടുക്കുമെന്ന് പരസ്യമായി പറഞ്ഞു തന്നെയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ടീം യുഡിഎഫുമായി അങ്കത്തിനിറങ്ങിയത്. കാലിയായ ഖജനാവുമായി ഒരുപിടി പ്രതികൂല സാഹചര്യങ്ങളോട് മല്ലടിച്ചു തന്നെയാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി വിഡിഎന്ന ഷാര്‍പ്പ് ഷൂട്ടര്‍ പോരിനിറങ്ങിയത്. മുന്നണിക്കുള്ളില്‍ തലപൊക്കിയ ചില്ലറ അല്ലറ പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്ത് നേതാക്കളോടൊപ്പം കൂട്ടായി ജനങ്ങള്‍ക്കിടയിലേക്കിറങ്ങി.
കേന്ദ്ര – സംസ്ഥാന ഭാരങ്ങള്‍ കയ്യാളുന്ന ബിജെപി യും എല്‍ഡിഎഫും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും ഭരണ സംവിധാനങ്ങളെപ്പോലും ഉപയോഗിക്കുന്നതും കോണ്‍ഗ്രസ്സിനെ പലപ്പോഴും പിന്നോട്ടടിച്ചു. ആവശ്യത്തിന് ഫണ്ട് ഇല്ലാത്തതുപോലും പലപ്പോഴും യുഡിഎഫിനെ ഏറെ വലച്ചിരുന്നു. ചില അപ്രതീക്ഷിത തിരിച്ചടികളുണ്ടായെങ്കിലും യുഡിഎഫ് തന്നെയാണ് കേരളത്തിന്റെ മനസ്സില്‍ എന്ന് അടിവരയിട്ടുറപ്പിക്കുന്നതാണ് ഈ ജനവിധി.
വിഡി. സതീശന് എന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ ബലത്തിലാണ് യുഡിഎഫിന്റെ കുതിപ്പ്. പണമോ സ്വാധീനമോ ആള്‍ബലമോ ഉണ്ടായിരുന്നില്ല, എങ്കിലും പൊരുതാനുറച്ചു തന്നെയാണ് വിഡിയും കോണ്‍ഗ്രസ്സും മുന്നണി നേതാക്കള്‍ക്കൊപ്പം അങ്കത്തിനിറങ്ങിയത്. വടകരയിലെയും തൃശൂരിലെയും അപ്രതീക്ഷിത നീക്കങ്ങള്‍ ബിജെപി യെയും ഇടതുപക്ഷത്തേയും ഒരുപോലെ ഞെട്ടിച്ചു. വടകരയില്‍ ആ നീക്കം നൂറുമേനി കൊയ്തെങ്കിലും തൃശ്ശൂരിലെ നേതാക്കളുടെ തമ്മിലടിയും പടലപ്പിണക്കങ്ങളും ഗ്രൂപ്പുകളിയുമെല്ലാമാണ് തിരിച്ചടിയായത്.
തോറ്റാല്‍ ആ തോല്‍വിയുടെ ഉത്തരവാദിത്വം മുഴുവന്‍ ഞാനൊറ്റക്ക് ഏറ്റെടുക്കുന്നു എന്ന് പ്രഖ്യാപിച്ച വിഡി സതീശന് തന്നെയാണ് ഈ വിജയത്തിന്റെയും ക്യാപ്റ്റന്‍. കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയം എന്നുപറഞ്ഞയാള്‍ ഒതുങ്ങി നില്‍ക്കുമെങ്കിലും തോല്‍വിയുടെ കയ്പുനീര് ഒറ്റയ്ക്ക് കുടിക്കാന്‍ തയ്യാറായ അയാളെ വിജയത്തിന്റെ മാധുര്യത്തില്‍ എങ്ങനെ മാറ്റി നിര്‍ത്തും.
അതിദയനീയമായ സ്ഥിതിയിലാണ് സതീശന് യുഡിഎഫിന്റെ ഭാരം മുഴുവന്‍ തോളിലേറ്റിയത്. അദ്ദേഹത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ പ്രവര്‍ത്തകര്‍ക്ക് നാരങ്ങാ വെള്ളം കൊടുക്കാന്‍ പോലും കയ്യില്‍ പണമില്ലാത്ത പരിതാപകരമായ അവസ്ഥ. എന്നിരുന്നാലും മുന്നണി മിന്നും ജയമാണ് സ്വന്തമാക്കുന്നത്. കേരളത്തിന്റെ ക്യാപ്റ്റന്‍ വിഡി സതീശന് തന്നെയെന്ന് വീണ്ടുമൊരിക്കല്‍ കൂടി തെളിയിക്കപ്പെടുകയാണ്. അതെ രണ്ടു ചങ്കില്ലെങ്കിലും അയാളുടെ സ്ഥാനം കേരളത്തിന്റെ ചങ്കിനകത്താണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.