കൊച്ചി: പളളിത്തര്‍ക്കം നിലനില്‍ക്കുന്ന പിറവത്ത് പൊലീസിനെതിരെ യാക്കോബായ വിശ്വാസികളുടെ പ്രതിഷേധം. വിശ്വാസികള്‍ പളളിക്കുളളിലാണ് സംഘടിച്ചിരിക്കുന്നത്. വിശ്വാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് പിന്മാറുന്നതായി പൊലീസ് അറിയിച്ചു. പള്ളിയുടെ അകത്ത് കയറാന്‍ പൊലീസ് ശ്രമിച്ചാല്‍ തടയുമെന്ന് വിശ്വാസികള്‍ മുന്നറിയിപ്പ് നല്കി.
പളളിയുടെ അധികാരം സംബന്ധിച്ച് തങ്ങള്‍ക്ക് അനുകൂലമായ വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ നാളെ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് കോടതി വിധി നടപ്പാക്കാനാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാല്‍ പ്രതിഷേധവുമായി യാക്കോബായ വിഭാഗക്കാര്‍ രംഗത്തെത്തുകയും പള്ളിയുടെ ഗേറ്റ് അകത്തുനിന്ന് പൂട്ടുകയും ചെയ്തു. പള്ളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്സ് വിഭാഗത്തിനു വിട്ടുകൊടുക്കണമെന്നാണ് സുപ്രീം കോടതി വിധി.
യാക്കോബായ വിശ്വാസികളില്‍ ചിലര്‍ പള്ളിയുടെ മുകളില്‍ കയറി പ്രതിഷേധിക്കുന്നുണ്ട്. ഇവരില്‍ ഒരാള്‍ ആത്മഹത്യാ ഭീഷണി മുഴക്കി. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുമെന്നായിരുന്നു ഭീഷണി.

