തിരുവനന്തപുരം:ന്മ ശബരിമിലയില്‍ ചിത്തിര ആട്ടവിശേഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ തൃശൂരില്‍ നിന്നുള്ള ഡി.വൈ.എഫ്.ഐ പ്രവര്ത്തകാര് ആയിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ദൃശ്യങ്ങളില്‍ കാണുന്നത് ആരുടെ പ്രവര്‍ത്തകരാണെന്നു സര്‍ക്കാര്‍ വെളിപ്പെടുത്തണം. സന്നിധാനത്ത് പ്രകോപനപരമായി സംസാരിച്ചിട്ടില്ല. സന്നിധാനത്തു തീര്‍ത്ഥാടകയെ തടയുന്നതിനിടയില്‍ ‘അവളെ കൊല്ലെടാ’ എന്ന് ആരോ ആക്രോശിക്കുന്നത് ഓഡിയോയില്‍ വ്യക്തമാണ്. ഇതാരാണെന്ന് സര്ക്കാര്വെളിപ്പെടുത്തണമെന്നും കെ.സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി വന്നപ്പോഴുള്ള നിലപാടില്‍ നിന്ന് സര്‍ക്കാര്‍ വ്യതിചലിച്ചു. യുവതീപ്രവേശത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്നു വ്യക്തമാക്കണം. വനിതാ മതില് യുവതീപ്രവേശത്തിനുള്ള ബോധവത്കരണമാണോയെന്നു സര്‍ക്കാര്‍ പറയണം. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതു സംബന്ധിച്ച് സി.പി.എമ്മിനുള്ളില്‍ തന്നെ ഭിന്നതയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് കാര്യങ്ങള്‍ വഷളാക്കിയത്. യുവതീപ്രവേശം സാദ്ധ്യമാക്കുമെന്ന് പറഞ്ഞ പിണറായി വിജയന് എന്തുകൊണ്ട് അതില്‍നിന്നു പിന്നിലേക്ക് പോയെന്നു വ്യക്തമാക്കണം. വിശ്വാസികളുടെ പ്രതിഷേധം കണക്കിലെടുത്താണെങ്കില് അതു തുറന്നു പറയണമെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ മാദ്ധ്യമങ്ങള്‍ ശ്രമിച്ചില്ലെന്ന് സുരേന്ദ്രന് വിമര്‍ശിച്ചു.
മുന്‍കരുതല്‍ എന്ന പേരില്‍ അറസ്റ്റ് ചെയ്ത തന്റെ പേരില്‍ പിന്നീട് അഞ്ച് കള്ളക്കേസുകള്‍ ചുമത്തി. കടുത്ത മനുഷ്യാവകാശ ലംഘനമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. കേസുകള്‍ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. തനിക്ക് ചായ വാങ്ങിച്ച് തന്നതിന്റെ പേരിലാണ് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തത്. ടിപി വധക്കേസിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ എന്തൊക്കെ ഒത്താശകളാണ് ചെയ്യുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നു സുരേന്ദ്രന് പറഞ്ഞു. എന്‍.എസ്.എസും തന്ത്രി കുടുംബവും പന്തളം കൊട്ടാരവും സമരമുഖത്തേയ്ക്ക് വന്നതില്‍ പിന്നെയാണ് സമരത്തിന് ജനകീയ സ്വാഭവം വന്നത്. താന്‍ ബി.ജെ.പി അദ്ധ്യക്ഷനാകാനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്ന രീതിയുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും സുരേന്ദ്രന് പറഞ്ഞു.


