തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിക്ഷേധം ശക്തം. കേരളത്തെ അവഗണിക്കു ന്നുവെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ നടത്തുന്ന മനുഷ്യചങ്ങലയില്‍ ലക്ഷങ്ങള്‍ അണി ചേർന്നു.കാസർഗോഡ് റെയില്‍വേ സ്റ്റേഷൻ മുതല്‍ രാജ്ഭവൻ വരെയാണ് മനുഷ്യചങ്ങല തീർത്തത്.
കാസർഗോഡ് എ.എ.റഹീം എംപി ആദ്യകണ്ണിയായപ്പോള്‍ രാജ്ഭവനു മുന്നില്‍ എല്‍ഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ അവസാന കണ്ണിയായി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്രകമ്മറ്റിയംഗം വിജയരാഘവൻ, സിനിമാ താരം നിഖിലാ വിമല്‍, എം.എ. ബേബി, തോമസ് ഐസക്, സംവിധായകൻ ആഷിഖ് അബു തുടങ്ങിയവരും ചങ്ങലയുടെ ഭാഗമായി.
മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും വീണാ വിജയനും തലസ്ഥാനത്ത് രാജ്ഭവന് മുന്നില്‍ ചങ്ങലയുടെ ഭാഗമായി പങ്കെടുത്തു. പത്തനംതിട്ട, ഇടുക്കി, കോട്ടയം, വയനാട് ഒഴികെയുള്ള ജില്ലകളിലാണു മനുഷ്യചങ്ങല തീർത്തത്. വയനാട്ടില്‍ കല്പറ്റ മുതല്‍ മുട്ടില്‍ വരെ 10 കിലോമീറ്റർ ഉപചങ്ങല തീർത്തു. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലയിലെ പ്രവർത്തകർ സമീപജില്ലകളിലെ ചങ്ങലയില്‍ പങ്കാളികളായി.
റെയില്‍വേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം എന്നിവയില്‍ പ്രതിഷേധിച്ചാണ് മനുഷ്യച്ചങ്ങല തീർക്കുന്നത്. രാജ്ഭവനുമുന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കാസർഗോഡ് മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി.കെ.ശ്രീമതിയും മനുഷ്യചങ്ങല ഉദ്ഘാടനം ചെയ്തു.
വൈകുന്നേരം നാലരയ്ക്ക് ട്രയല്‍ച്ചങ്ങല തീർത്തശേഷം അഞ്ചിന് മനുഷ്യച്ചങ്ങല തീർത്ത് പ്രതിജ്ഞ എടുത്തു. തുടർന്ന് പ്രധാനകേന്ദ്രങ്ങളില്‍ പൊതുസമ്മേളനവും നടത്തി.


