ഇടുക്കി: തൊടുപുഴയില്‍ ഗവര്‍ണര്‍ക്കെതിരേ കറുത്ത ബാനര്‍ ഉയര്‍ത്തിയുള്ള പ്രതിഷേധവുമായി എസ്എഫ്ഐ. വെങ്ങല്ലൂര്‍ ജംഗ്ഷനില്‍ റോഡിന് കുറുകെയാണ് “സംഘിഖാൻ നിങ്ങളെ ഇവിടേയ്ക്ക് സ്വാഗതം ചെയ്യുന്നില്ല’ എന്നെഴുതിയ കറുത്ത ബാനര്‍ കെട്ടിയിരിക്കുന്നത്.
ഗവര്‍ണര്‍ കടന്നുവരുന്ന പാതയിലാണ് എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ബാനര്‍ പ്രത്യക്ഷപ്പെട്ടത്.
കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന കാരുണ്യ കുടുംബസുരക്ഷാ പ്രോജക്ട് ഉദ്ഘാടനം ചെയ്യാനാണ് ഗവര്‍ണര്‍ ഇന്ന് തൊടുപുഴയിലെത്തുക. എല്‍ഡിഎഫ് ഇടുക്കിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കി.
ഗവര്‍ണര്‍ക്കെതിരേ എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം നടത്തുമെന്നും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നഗരത്തില്‍ പഴുതടച്ചുള്ള സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍ തുടങ്ങി മുന്ന് മണിക്കൂര്‍ പിന്നിട്ടിട്ടും ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.