കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭരണഘടനാപ്രതിസന്ധിയെന്ന് ഗവര്‍ണര്‍ സി.വി.ആനന്ദബോസ്. സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നു.
നിയമവിദഗ്ധരുമായി ആലോചിച്ച് അടുത്ത നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ് ഒരു പരിഷ്കൃത സര്‍ക്കാരിന്റെ കര്‍ത്തവ്യം. അത് നിര്‍വഹിക്കുന്നതില്‍ ബംഗാള്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
വിനാശകാലെ വിപരീതബുദ്ധി എന്ന നിലയിലാണോ ബംഗാള്‍ സര്‍ക്കാര്‍ നീങ്ങുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനത്ത് ഭരണഘടനാപ്രതിസന്ധിയുണ്ടെന്ന് കല്‍ക്കട്ട ഹൈക്കോടതിയിലെ ഒരു ജഡ്ജി തന്നെ കഴിഞ്ഞ ദിവസം പറഞ്ഞു. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ബംഗാളില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരേ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ പ്രതികരണം. സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരോട് ഗവര്‍ണര്‍ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ഇവര്‍ എത്തിയിരുന്നില്ല.


